ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടി ; ബ്രെക്സിറ്റിലെ പുതിയ കരാറും അനിശ്ചിതത്വത്തിൽ

ലണ്ടന്‍ : ഒക്ടോബര്‍ 31ന് മുമ്പ് ബ്രെക്സിറ്റ് യാഥാര്‍ഥ്യമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി.

ബ്രെക്സിറ്റിനായി ജോൺസൺ മുന്നോട്ടുവച്ച ബിൽ പാർലമെന്റ് അംഗീകരിച്ചെങ്കിലും നിയമനിർമാണത്തിന് മൂന്ന് ദിവസം മാത്രം ചർച്ച എന്ന വ്യവസ്ഥ എംപിമാർ വോട്ടിനിട്ട് തള്ളി. ഇതേത്തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു.

329 എംപിമാരുടെ പിന്തുണ നേടാൻ ബോറിസ് ജോൺസണായി. 299 പേർ മാത്രമാണ് എതിർത്തത്. എന്നാൽ, ഈ വിജയം ആഘോഷിക്കാൻ ബോറിസ് ജോൺസണ് അവസരം നൽകാതെയായിരുന്നു പാർലമെന്റിന്റെ പിന്നീടുള്ള നീക്കം. ഇത് മൂലം ഒക്ടോബര്‍ 31ന് യൂറോപിയന്‍ യൂണിയനില്‍ നിന്ന് പിന്തിരിയുന്നത് സമ്പന്ധിച്ചുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യൂറോപിയന്‍ യുണിയനോട് ജനുവരി 31 വരെ സമയം നീട്ടി നല്‍കാന്‍ അനുവദിച്ച് കൊണ്ടുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കൂടുതല്‍ സമയം അനുവദിക്കണമോ എന്ന ചര്‍ച്ചകള്‍ യൂറോപ്യന്‍ യൂണിയനിലും സജീവമാണ്.

അതേസമയം, പാർലമെന്റിലുണ്ടായ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടണമെന്ന് അംഗങ്ങളോട് ആവശ്യപ്പെടുമെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡോണൾഡ് ടസ്ക് വ്യക്തമാക്കി. കരാർ തള്ളിയാൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ജോൺസന്റെ ഭീഷണി.

Top