ബോ​റി​സ്​ ജോ​ണ്‍​സ​ന്​ വീ​ണ്ടും തി​രി​ച്ച​ടി ; സ​ഹോ​ദ​ര​ന്‍ ജോ ​ജോ​ണ്‍​സ​ണ്‍ രാ​ജി​വെ​ച്ചു

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വീണ്ടും തിരിച്ചടിയായി ബോറിസിന്റെ ഇളയ സഹോദരന്‍ ജോ ജോണ്‍സണ്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. കണ്‍സര്‍വേറ്റിവ് എം.പി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു.

ഒര്‍പിങ്ടണില്‍നിന്നുള്ള പാര്‍ലമന്റെംഗമായ ജോ ബോറിസ് മന്ത്രിസഭയിലെ വാണിജ്യമന്ത്രിയായിരുന്നു. ബ്രെക്‌സിറ്റ് വിരുദ്ധന്‍ കൂടിയായ ജോ ഇന്ത്യയുമായി സൗഹാര്‍ദബന്ധം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാവാണ്. കണ്‍സര്‍വേറ്റിവ് അംഗങ്ങളില്‍ ഏറെ ജനകീയനാണിദ്ദേഹം. കഴിഞ്ഞതവണ ഒര്‍പിങ്ടണില്‍നിന്ന് 19,453 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രെക്‌സിറ്റ് സംബന്ധിച്ച് ഉടലെടുത്തിരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത രീതിയിലേക്ക് വളര്‍ന്നതായി ജോ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവര്‍ക്കും തന്റെ പാത പിന്തുടരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തെരേസ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രതിഷേധിച്ചും അദ്ദേഹം രാജിവെക്കുകയുണ്ടായി. പിന്നീട് തെരേസക്കു ശേഷം ബോറിസ് പ്രധാനമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു.

വിമത എംപിമാര്‍ യൂറോപ്യന്‍ അനുകൂല കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റ്‌സിലേക്കു കൂറുമാറിയതിനു പിന്നാലെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭൂരിപക്ഷം നേരത്തെ നഷ്ടമായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഫിലിപ്പ് ലീയാണ് ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കൂറുമാറിയത്.

650 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും സര്‍ക്കാര്‍ വീഴില്ല. മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 31ന് തന്നെ ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി യൂറിപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുവരണമെന്ന നിലപാടിലായിരുന്നു ബോറിസ് ജോണ്‍സണ്‍.

Top