വന്യജിവികളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്ന മനുഷ്യന്റെ പ്രവർത്തിയുടെ ഫലമായി വംശനാശത്തിന്റെ ഭീഷണിയിൽ ബോർണിയൻ ഒറാങ്ങുട്ടനുകളും. പുതിയ കണക്കുകൾ പ്രകാരം 1999മുതൽ നിലവിൽ പ്രകൃതിക്ക് നഷ്ടമായത് 100,000 ബോർണിയൻ ഒറാങ്ങുട്ടനുകളെയാണ്.
പനയോല, പേപ്പർ വ്യവസായങ്ങൾക്ക് വേണ്ടി ഇവരുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്ന രീതിയിൽ മനുഷ്യൻ കാടുകളിൽ നടത്തിയ ഇടപെടലുകളാണ് ഇവയ്ക്ക് ഭീഷണിയാകാൻ കാരണം. അതിനാൽ ബോർണിയൻ ഒറാങ്ങുട്ടനുകൾ അപകടകരമായ അവസ്ഥയിലാണ് നിലവിൽ ഉള്ളത്.
ബോർണിയൻ ഒറാങ്ങുട്ടനുകളുടെ യഥാർത്ഥ സംഖ്യ നേരത്തെ കണക്കാക്കിയിരുന്നതിനേക്കാളും വലുതാണ് എന്ന് മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപ്പോളജിയിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള ഗവേഷകർ വ്യക്തമാക്കുന്നു.
ഉഷ്ണമേഖലാ വനങ്ങളെ വെട്ടിമാറ്റി പാം ഓയിൽ പ്ലാന്റേഷനാക്കി മാറ്റിയ പ്രദേശങ്ങളിലാണ് ഇവയുടെ കുറവ് കൂടുതൽ രേഖപ്പെടുത്തിയത്. കൂടാതെ ഗവേഷകർ തിരഞ്ഞെടുത്ത കാടുകളിലും ബോർണിയൻ ഒറാങ്ങുട്ടനുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇൻഡോനേഷ്യയിലെ നിത്യഹരിത ഉൾവനത്തിലെ നിയന്ത്രിതമല്ലാത്ത വേട്ടയാടൽ ,വ്യാപാരത്തിനായി ചെറിയ ഒറാങ്ങുട്ടനുകളെ പിടിക്കുക , അക്രമണത്തിലൂടെ കൊല്ലുക തുടങ്ങിയ മനുഷ്യരുടെ ക്രൂരമായ പ്രവർത്തങ്ങനങ്ങളും ഇവയുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമാകുന്നു.
കഴിഞ്ഞ മാസം ഇന്തോനേഷ്യൻ ദ്വീപിന്റെ ഭാഗമായ ബോർണിയോയിൽ ഒരു ബോർണിയൻ ഒറാങ്ങുട്ടൻ കൊല്ലപ്പെട്ടിരുന്നു. 130 തവണ ഒറാങ്ങുട്ടന്റെ ദേഹത്ത് വെടിയേറ്റിട്ടുണ്ടായിരുന്നു. കൂടാതെ ശരീരത്തിൽ മുറിവുകളും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഇന്തോനേഷ്യയിൽ ബോർണിയൻ ഒറാങ്ങുട്ടൻ അതി ക്രൂരമായി കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമായിരുന്നു ഇത്.
നിലവിൽ ഇവയുടെ ബോർണിയോയിലെ ജനസംഖ്യ 75,000 മുതൽ 100,000 വരെയാണ്. ഇന്തോനേഷ്യയിലെ റബർ കർഷകരാണ് ഇത്തരത്തിൽ ഒറാങ്ങുട്ടനുകളെ കൊല്ലപ്പെടുത്തുന്നത്. പ്രതിവർഷം ഒരു ഒറാങ്ങുട്ടനുകൾ വീതം
ഇല്ലാതായാലും വരും വർഷങ്ങളിൽ ഈ വംശത്തിന് വംശനാശം സംഭവിക്കാൻ സാധ്യതയുണ്ട്.
ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ ബോർണിയൻ ഒറാങ്ങുട്ടനുകളുടെ പ്രകൃതിദത്ത ഭക്ഷണ രീതിയെ ബാധിക്കുന്നുണ്ട്. അത്തരത്തിൽ ഇവയ്ക്ക് ചില സമയങ്ങളിൽ ഭക്ഷണം ലഭിക്കാതെ വരും. അനുയോജ്യമായ ആഹാരത്തിന്റെ ലഭ്യത കുറവും ഒറാങ്ങുട്ടനുകളുടെ നാശത്തിന് ഇടയാക്കുന്നു.
കാടുകളിൽ കയറി വന്യജീവികളുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്ന മനുഷ്യന്റെ പ്രവർത്തികൾ നാളെ വലിയൊരു ദുരുന്തത്തിന് വഴിയൊരുക്കുമെന്ന് വന്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
റിപ്പോർട്ട് : രേഷ്മ പി.എം