പ്രതിപക്ഷ ബഹളം: പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു

ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു. രാജ്യസഭ 11.30 വരെയും ലോക്‌സഭ 12 മണിവരെയുമാണ് നിര്‍ത്തിവച്ചത്. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം ഇരു സഭകളിലും ഉറച്ചു നിന്നത്.

ലോക്‌സഭയില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിഷയം ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ പരിഗണയില്‍ വരുന്നതാണെന്നും അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വിശദീകരണം നല്‍കേണ്ടതില്ല എന്നുമുള്ള നിലപാടില്‍ സ്പീക്കര്‍ ഓം ബിര്‍ള ഉറച്ചുനിന്നു.

സഭയില്‍ മുദ്രാവാക്യം വിളിക്കരുതെന്നും സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയ വത്കരിക്കരുതെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാല്‍ പ്രതിപക്ഷം വഴങ്ങാന്‍ തയാറായില്ല. തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചത്.

Top