ബൗച്ചർ ദക്ഷിണാഫ്രിക്കയുടെ പരിശീലക സ്ഥാനം ഒഴിയുന്നു

ജൊഹന്നാസ്ബര്‍ഗ്: ഈ വര്‍ഷം ആസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ടതിന് പിന്നാലെയാണ് മുന്‍ താരം കൂടിയായ ബൗച്ചറുടെ തീരുമാനം.2019ല്‍ ഓട്ടിസ് ഗിബ്‌സണില്‍ നിന്ന് ചുമതലയേറ്റെടുത്ത ബൗച്ചര്‍ക്ക് നാല് വര്‍ഷത്തേക്കാണ് കരാറുള്ളത്.

2023ല്‍ ഇന്ത്യയില്‍ വച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം ചുമതലയില്‍ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ അതിന് മുമ്പെ അദ്ദേഹം പരിശീലനം അവസാനിപ്പിക്കുകയായിരുന്നു. തന്നെ കാത്തിരിക്കുന്ന മറ്റ് അവസരങ്ങള്‍ക്കായും ഭാവി കരിയറിനും വേണ്ടിയാണ് ബൗച്ചറുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം താരം ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെ കളിക്കാരനായി ആദ്യ വർഷങ്ങളിൽ കളിച്ചിട്ടുള്ള ബൗച്ചർ ഐപിഎല്ലിന് പരിചിതനാണ്. “അദ്ദേഹം ചെയ്ത പ്രവർത്തനത്തിന് ഞങ്ങൾ അദ്ദേഹത്തോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്, അദ്ദേഹത്തിന്റെ കരിയറിന്റെ അടുത്ത അധ്യായത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നു,” സിഎസ്എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫൊലെറ്റ്സി മൊസെക്കി പറഞ്ഞു

Top