സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കുന്ന സേവനത്തിന് പേരുകേട്ട സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ്. ഇപ്പോഴിതാ കമ്പനി ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൗണ്‍സില്‍ നിന്നുള്ള ഇതുവരെ പേരിടാത്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കുകള്‍ ഉണ്ടായിരിക്കും. കൂടാതെ സ്‌കൂട്ടറിന്റെ ഭാഗമായി വാങ്ങുന്നതിനേക്കാള്‍ ബാറ്ററികള്‍ കമ്പനിയില്‍ നിന്ന് വാടകയ്ക്കെടുക്കാനുള്ള ഓപ്ഷന്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. സബ്സ്‌ക്രിപ്ഷന്‍ ചെലവ് കൂടി ചേര്‍ത്താല്‍ സ്‌കൂട്ടറുകളുടെ വാങ്ങല്‍ ചെലവ് കുറയും.
ഈ മോഡലിനെ പിന്തുണയ്ക്കുന്നതിന്, ബൗണ്‍സ് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. ബാറ്ററി പാക്കുകളും ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റവും തദ്ദേശീയമായിരിക്കും. പാനസോണിക്, എല്‍ജി കെം എന്നിവയില്‍ നിന്ന് ബാറ്ററി പാക്കുകളിലെ സെല്ലുകള്‍ ഇറക്കുമതി ചെയ്യും.
2022 ജനുവരിയില്‍ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് ബൗണ്‍സ് അവകാശപ്പെടുന്നു. കമ്പനി അടുത്തിടെ 22 മോട്ടോഴ്സ് ഏറ്റെടുത്തിരുന്നു. ഏകദേശം 7 മില്യണ്‍ യുഎസ് ഡോളറിന് അതായത് ഏകദേശം 52 കോടി രൂപയ്ക്ക് ഒരു മാസം മുമ്പാണ് ഏറ്റെടുക്കല്‍ നടന്നത്.
ഈ ഏറ്റെടുക്കലിന്റെ ഫലമായി, ബൗണ്‍സിന് 22 മോട്ടോഴ്സിന്റെ ആസ്തിയും 1,20,000 യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള രാജസ്ഥാനിലെ ഭിവാദിയിലുള്ള നിര്‍മ്മാണ പ്ലാന്റും ലഭിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.