ഭോപ്പാൽ: മധ്യപ്രദേശിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ എട്ടുവയസുകാരനെ, 24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ രക്ഷിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴൽക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് കുട്ടിയെ പുറത്തെടുത്തത്.
വിദിഷയിൽ ഇന്നലെ രാവിലെ 11മണിക്കാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ എട്ടുവയസുകാരൻ ലോകേഷ് കുഴൽക്കിണറിൽ വീഴുകയായിരുന്നു. 60 അടി താഴ്ചയാണ് കുഴൽക്കിണറിനുള്ളത്. ഇതിൽ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. വിവരം അറിഞ്ഞ് രാവിലെ 11.30 മുതൽ തുടങ്ങിയ രക്ഷാപ്രവർത്തനമാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ വിജയം കണ്ടത്.
കുട്ടി ജീവനോടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കുഴൽക്കിണറിൽ ഓക്സിജൻ ലഭ്യമാക്കിയായിരുന്നു രക്ഷാപ്രവർത്തനം. കുഴൽക്കിണറിന് സമാന്തരമായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.