ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി. മധുര്‍ സ്വദേശിയായ ദര്‍ശന്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ ദര്‍ശനെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് കാമുകിയും അവരുടെ വീട്ടുകാരുമാണ് ഉത്തരവാദികളെന്ന് സ്ഥാപിക്കുന്ന ദര്‍ശന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മാണ്ഡ്യ സ്വദേശിയായ പെണ്‍കുട്ടിയുമായി യുവാവ് വളരെനാളുകളായി അടുപ്പത്തിലായിരുന്നുവെന്ന് ദര്‍ശന്റെ ബന്ധുക്കള്‍ പറയുന്നു. ബന്ധം തുടരുകയാണെങ്കില്‍ അതിന്റെ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ദര്‍ശനെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ മന്ത്രിയുടെ അടുത്ത ബന്ധുവാണ് പെണ്‍കുട്ടി. ദര്‍ശന്റെ മരണം കൊലപാതകമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.