കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തില്‍ മൂന്നരവയസുകാരനെ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തു.
ബാലവകാശ നിയമപ്രകാരമാണ് കേസ്. നിശ്ചല ദൃശ്യത്തില്‍ കുട്ടിയെ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്.
നേരത്തെ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. മൂന്നരവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ മണിക്കൂറുകളോളം വെയിലത്ത് കെട്ടിയിട്ടെന്നാണ് ആരോപണം.
ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക രൂപം സൃഷ്ടിക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടിയെ കെട്ടിയിടുകയായിരുന്നു. കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്.