ബാഗ്പാട്ട്: മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചിക്കെതിരെ ബാഗ്പാട്ട് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് സുപ്രണ്ട് ഓഫ് പൊലീസ് അനില്‍ സിംഗ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് എസ് പി വ്യക്തമാക്കി.
മുസ്ലിങ്ങള്‍ ഉണ്ടാക്കുന്ന കാവടികള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു സാധ്വി യുപിയിലെ ബാഗ്പാട്ടില്‍ പ്രസംഗിച്ചത്. ഹരിദ്വാറിലെ ശിവപ്രതിഷ്ഠയ്ക്കു വേണ്ടി കാവടികള്‍ നിര്‍മിക്കുന്ന ജോലി ചെയ്യുന്നതില്‍ 99 ശതമാനവും മുസ്ലിങ്ങളാണെന്നും ഇവരെ പറഞ്ഞയയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്കു ജോലി കിട്ടാന്‍ ഇതാണു വഴിയെന്നും അവര്‍ പറഞ്ഞു.
മദ്രസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്നും മറ്റൊരു പ്രസംഗത്തില്‍ സാധ്വി പറഞ്ഞിരുന്നു. നാഥുറാം ഗോഡ്‌സയെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ളവര്‍ മദ്രസകളില്‍ ജനിക്കാറില്ലെന്നും അവര്‍ പ്രസംഗിച്ചിരുന്നു.