ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ കാര്‍ ഡ്രൈവര്‍ക്ക് നേരേ വെടിയുതിര്‍ത്തത് കൊലപാതകശ്രമമാണെന്ന് പൊലീസ്. സംഭവത്തില്‍ ഡ്രൈവറുടെ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് തെക്കന്‍ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ വെച്ച് ചിരാഗ് ഡല്‍ഹി സ്വദേശി ഭീംരാജിന്(45) വെടിയേറ്റത്. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭീംരാജ് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.
ഭീംരാജിന്റെ ഭാര്യ ബബിത(41)യുടെ നിര്‍ദേശപ്രകാരം ഇവരുടെ കാമുകനായ രോഹനാണ്(23) വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ബബിതയും രോഹനും തമ്മില്‍ കഴിഞ്ഞ നാല് മാസമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഭീംരാജ് അറിഞ്ഞതോടെ ഭാര്യയെ മര്‍ദിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബബിത കാമുകനോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവിനെ ഇല്ലാതാക്കാതെ കാമുകനുമായുള്ള ബന്ധം തുടരാനാകില്ലെന്ന് മനസിലായതോടെയായിരുന്നു ബബിത കൊലപാതകം ആസൂത്രണം ചെയ്തത്.
ബിഎസ്ഇസ് രാജധാനി പവറിലെ കരാര്‍ ഡ്രൈവറായ ഭീംരാജ് കാറിനകത്ത് ഇരിക്കുന്നതിനിടെയാണ് ബൈക്കിലെത്തി രോഹന്‍ വെടിയുതിര്‍ത്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഇതിനുശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ആദ്യം വ്യക്തമായില്ലെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ നമ്പറിനെക്കുറിച്ച് ഏകദേശ ധാരണ ലഭിച്ചു.
തുടര്‍ന്ന് ഇന്‍ഷൂറന്‍സ് രേഖകളടക്കം പരിശോധിച്ച് റാണപ്രതാപ് നഗര്‍ സ്വദേശിയിലേക്ക് അന്വേഷണം എത്തി. കമലനഗര്‍ സ്വദേശിയായ ലഖാന്‍ എന്നയാള്‍ക്ക് ബൈക്ക് വിറ്റതായി ഇയാള്‍ മൊഴി നല്‍കി. ലഖാനെ പൊലീസ് കണ്ടെത്തിയെങ്കിലും ഇയാളും ബൈക്ക് വില്‍പ്പന നടത്തിയെന്നാണ് മൊഴി നല്‍കിയത്. ഗോവിന്ദ്പുരി സ്വദേശിയായ രോഹനാണ് ബൈക്ക് വിറ്റതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതിനിടെ, രോഹന്‍ മറ്റൊരിടത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത് ഹെല്‍മറ്റുമായി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
എന്നാല്‍, ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിക്കാനായിരുന്നു രോഹന്റെ ശ്രമം. ഭീംരാജുമായി റോഡില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമായിരുന്നു രോഹന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ രോഹന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു.
വിശദമായി ചോദ്യം ചെയ്തതോടെ ബബിതയുമായുള്ള ബന്ധവും മറ്റുകാര്യങ്ങളും ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. നാല് മാസമായി ബബിതയുമായി പ്രണയത്തിലാണെന്നും ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഭീംരാജ് ബബിതയെ മര്‍ദിച്ചെന്നും രോഹന്‍ പറഞ്ഞു. തുടര്‍ന്ന് ബബിത തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നും രോഹന്‍ പറഞ്ഞു.