ആ​ണും പെ​ണ്ണും ഒ​ന്നി​ച്ച്‌ ന​ട​ക്ക​രു​തെ​ന്ന് പാക്ക് സ​ര്‍​വ​ക​ലാ​ശാ​ല

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സര്‍വകലാശാലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നടക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവശ്യയിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയിലാണ് പുതിയ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്ലാം വിരുദ്ധ പ്രവര്‍ത്തിയായതിനാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായാണ് സര്‍വകലാശാലയുടെ വിശദീകരണം.

ഇത്തരം പ്രവര്‍ത്തികള്‍ ഇസ്ലാം വിരുദ്ധമാണെന്നും ഇതില്‍നിന്നും വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുകയാണെന്നും സര്‍ക്കുലറില്‍ പറയുന്നു. നിയമം ലംഘിച്ചാല്‍ കനത്ത പിഴയ്‌ക്കൊപ്പം മാതാപിതാക്കളെ വിവരം അറിയിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍വകലാശാല കാമ്പസില്‍ ഇസ്ലാമിക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിരുത്സാഹപ്പെടുത്തും. വിദ്യാര്‍ഥികള്‍ ആണും പെണ്ണുമായി ഒന്നിച്ചു കണ്ടാല്‍ അവര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും. കനത്ത പിഴയും ഇതിനൊപ്പം മാതാപിതാക്കളെ കോളജിലേക്ക് വിളിപ്പിക്കുകയും ചെയ്യും. അതിനാല്‍ അസ്വാഭാവിക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും യോജിച്ച രീതിയില്‍ പെരുമാറണമെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം സംഭവം പുറത്തായതോടെ സര്‍ക്കുലറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Top