മുംബൈ: ബിന റിഫൈനറി പദ്ധതിയിലെ ഒമാൻ ഓയിൽ കമ്പനിയുടെ ഓഹരികൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) വാങ്ങുമെന്ന് റിപ്പോർട്ട്. 2,400 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങുമെന്നാണ് ബിപിസിഎൽ അറിയിച്ചത്. മധ്യപ്രദേശിലെ ബിനയിൽ 7.8 ദശലക്ഷം ടൺ ശേഷിയുളള എണ്ണ ശുദ്ധീകരണശാല നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഭാരത് ഒമാൻ റിഫൈനറീസ് ലിമിറ്റഡിൽ (BORL) 63.68 ശതമാനം ഓഹരിയാണ് ബിപിസിഎല്ലിനുള്ളത്.
“ഭാരത് ഒമാൻ റിഫൈനറീസ് ലിമിറ്റഡിന്റെ 88.86 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങുന്നതിനായി വാണിജ്യ നിബന്ധനകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അന്തിമമാക്കി. ഒമാൻ ഓയിൽ കമ്പനിയിൽ നിന്നുള്ള ഇക്വിറ്റി ഷെയർ മൂലധനത്തിന്റെ 36.62 ശതമാനം ഓഹരി ഏകദേശം 2,399.26 കോടി രൂപയ്ക്ക് പരിഗണിക്കുന്നു,” സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുളള റെഗുലേറ്ററി ഫയലിംഗിൽ കമ്പനി പറഞ്ഞു. ഇടപാട് ഡോക്യുമെന്റേഷന്റെയും മറ്റ് വ്യവസ്ഥകളുടെയും നടപ്പാക്കലിനെ ആശ്രയിച്ചിരിക്കുമെന്നും ബിപിസിഎൽ കൂട്ടിച്ചേർത്തു.