ബിപിസിഎൽ സ്വകാര്യവത്ക്കരണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിലനിര്‍ത്തേണ്ടത് രാജ്യ തത്പര്യമാണ്. മാത്രമല്ല, കമ്പനി സ്വകാര്യവത്ക്കരിക്കാതിരിക്കുക എന്നത് രാജ്യ താത്പര്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ബിപിസിഎല്ലില്‍ ജോലി ചെയ്യുന്ന മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. റിഫൈനറിയില്‍ കേരളത്തിന് 5 ശതമാനം ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. റിഫൈനറി ബിപിസിഎല്‍ ഏറ്റെടുത്തപ്പോള്‍ ബോര്‍ഡില്‍ സര്‍ക്കാറിന്റെ ഒരു ഡയറക്ടറേയും നിയമിച്ചിരുന്നു. ബിപിസിഎല്ലിന്റെ പുരോഗതിയില്‍ സര്‍ക്കാറിനും പങ്കുണ്ട്.

ഇതിനു പുറമേ 85 കോടി വരുന്നവര്‍ക്ക് കോണ്‍ട്രാക്ട് നികുതി പൂര്‍ണമായി തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. 1500 കോടി രൂപ കമ്പനിക്ക് വായ്പയായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് സമീപത്തായി വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ഇതുവഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദേശീയ താത്പര്യവും സംസ്ഥാനത്തിന്റെ താത്പര്യവും കണക്കിലെടുത്ത് സ്വകാര്യ വത്ക്കരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top