പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട് കളിക്കളത്തിന് പുറത്തിരിക്കുകയായിരുന്നു ഓസിസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. വിലക്ക് കാലാവധി അവസാനിക്കാറായതോടെ വീണ്ടും ഒരു തിരിച്ച് വരവിന് ഒരുങ്ങുകയായാണ് സ്മിത്ത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലൂടെയായിരുന്നു സ്മിത്ത് മടങ്ങി വരവിന് ഒരുങ്ങിയിരുന്നത് എന്നാല്‍ കുറച്ച് ദിവസം മുമ്പാണ് സ്മിത്തിനെ നിരാശനാക്കിക്കൊണ്ട് ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. പക്ഷേ ഇപ്പോള്‍ സ്മിത്തിന് വേണ്ടി തങ്ങളുടെ നിയമങ്ങളില്‍ ഇളവു വരുത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
ബൈ ലോയിലെ പ്ലേയര്‍ ഡ്രാഫ്ട് നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റീവ് സ്മിത്തിനു ടൂര്‍ണ്ണമെന്റില്‍ കളിയ്ക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. സ്റ്റീവ് സ്മിത്തിനെ ഡ്രാഫ്ടിനു വെളിയില്‍ സൈന്‍ ചെയ്തതിനാല്‍ അത് അനുവദിക്കരുതെന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മറ്റു ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബോര്‍ഡ് താരത്തെ വിലക്കിയിരുന്നത്. പക്ഷേ പുതിയ തീരുമാനത്തോടെ സ്മിത്തിന് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങി എത്താം.
ജനുവരി 5നു ആരംഭിക്കുവാനിരുന്ന ടൂര്‍ണ്ണമെന്റില്‍ സ്മിത്തിന്റെ പങ്കാളിത്തം അനിശ്ചിതത്തിലായതിനിടയിലാണ് ആശ്വാസ വാര്‍ത്തയുമായി ബിപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എത്തിയത്.