ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബദയൂണില്‍ സ്ഥാപിച്ച കാവിനിറം പൂശിയ അംബേദ്കര്‍ പ്രതിമക്ക് നീല പെയിന്റടിച്ചു. ദളിത് പ്രക്ഷോഭങ്ങളുടെ ഭാഗമായി തകര്‍ത്ത പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ അംബേദ്കറിന്റെ വസ്ത്രത്തിന് കാവിനിറമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കാവി മാറി നീലയായത്.
കാവിനിറത്തെത്തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ ബിഎസ്പി പ്രവര്‍ത്തകരാണ് പ്രതിമക്ക് നീല നിറം പൂശിയത്. ദളിത് സംഘടനകള്‍ നടത്തിയ ഭാരതബന്ദിനെത്തുടര്‍ന്നാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. പിന്നീടുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് പ്രതിമ പുനസ്ഥാപിക്കപ്പെട്ടത്.
അംബേദ്കര്‍ കാവി വസ്ത്രം ധരിക്കാറില്ലെന്നും പ്രതിമയുടെ നിറം മാറ്റണമെന്നും ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമാണിതെന്നും ആരോപണമുയര്‍ന്നു.
അടുത്തിടെ അംബേദ്കറുടെ പേര് ‘ഭീംറാവു അംബേദ്കര്‍’ എന്നതില്‍ നിന്ന് ‘ഭീംറാവു റാംജി അംബേദ്കര്‍’ എന്ന് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.