‘യു.എ.ഇ’ ലേക്ക് തിരിച്ച് പോകാൻ ഒരുങ്ങി ബി.ആർ ഷെട്ടി

ദുബൈ: എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും സ്ഥാപകന്‍ ഡോ. ബി.ആര്‍ ഷെട്ടി ഉടന്‍ യുഎഇയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകൾ. 400 കോടി ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നിയമനടപടികള്‍ പുരോഗമിക്കുമ്പോഴാണ് ഷെട്ടിയുടെ ഈ മടക്കം. സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ബി.ആര്‍ ഷെട്ടി യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ലോണ്‍ നല്‍കിയ ബാങ്കുകള്‍ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. നിലവില്‍ സ്ഥാപനങ്ങളുടെ ആസ്‍തികള്‍ വിറ്റ് ബാങ്കുകളുടെ നഷ്ടം നികത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ സഹോദരന്റെ അസുഖം കാരണമാണ് ഷെട്ടി ഫെബ്രുവരിയില്‍ നാട്ടിലേക്ക് വന്നത്.

അതിനിടെ തന്റെ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ പണം നഷ്ടമായത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നായിരുന്നു എന്നാണ് ബി.ആര്‍ ഷെട്ടി പറഞ്ഞിരുന്നത്. കമ്പനിയില്‍ സംഭവിച്ചത് എന്താണെന്ന് മനസിലാക്കാന്‍ താന്‍ സ്വകാര്യ അന്വേഷണം നടത്തിയിരുന്നുവെന്നും മുന്‍മാനേജ്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്കാണ് സംശയമുന നീളുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ സിഇഒ ആയിരുന്ന പ്രശാന്ത്, ഇയാളുടെ സഹോദരനും, യുഎഇ എക്സ്ചേഞ്ചിന്റെ മാതൃസ്ഥാപനമായ ഫിനാബ്ലറിന്റെ സി.ഇ.ഒയുമായിരുന്ന പ്രമോദ് എന്നിവരെയാണ് സംശയിക്കുന്നത്.

Top