ബ്രഹ്മപുരം തീപിടിത്തം; പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി തീരുമാനം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തം പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതിയുടെ തീരുമാനം. ബെഞ്ച് രൂപീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെയും അമിക്യസ് ക്യൂറിയുടെയും ആവശ്യം പരിഗണിച്ചാണ് നിര്‍ദേശം. ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക ബെഞ്ച് പരിഗണിക്കും.

ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്ത് ബയോ സിഎന്‍ജി പ്ലാന്റ് എങ്ങനെ സ്ഥാപിക്കുമെന്ന് രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കാമെന്ന് തദ്ദേശ സെക്രട്ടറി കോടതിക്ക് ഉറപ്പ് നല്‍കി.

ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം ഉണ്ടായ ചാരം നദികളിലേക്ക് ഒഴുകാതിരിക്കാന്‍ ടാര്‍പ്പോളിന്‍ ഉപയോഗിച്ച് മാലിന്യ കൂമ്പാരം മറച്ചതായി കലക്ടര്‍ കോടതിയെ അറിയിച്ചു, സംസ്ഥാനത്തെ മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ പുരോഗതി ഉണ്ടെന്ന് കോടതി വിലയിരുത്തി.

Top