ബ്രഹ്മപുരം തീപിടിത്തം: വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണക്കാനാകുമെന്ന് മന്ത്രി രാജീവ്

കൊച്ചി: ബ്രഹ്മപുരത്തെ തീ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി പി രാജീവ്. തീ അണക്കാനുള്ള എല്ലാ സൗകര്യങ്ങളും കോര്‍പ്പറേഷന്‍ സജ്ജീകരിച്ചു. വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സമീപപ്രദേശങ്ങളിലുള്ളവരുടെ ആരോഗ്യം സംബന്ധിച്ച ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൃത്യമായ മുന്‍കരുതല്‍ വേണം. കൊച്ചിയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

‘എന്‍95 ഉള്‍പ്പടെ ഗുണനിലവാരമുള്ള മാസ്‌ക് വേണം ധരിക്കാന്‍. തൃപ്പൂണിതുറ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി ഇരുന്നൂറ് ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 20 പ്രത്യേക ബെഡുകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മപുരത്ത് രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറന്നു. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഡിഎംഒ ഓഫീസിലുമാണ് കാണ്‍ട്രോള്‍ റൂമുകള്‍. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 8075774769, 0484 2360802’, മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ഏത് അടിസ്ഥാന സാഹചര്യത്തെയും നേരിടാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ രൂപീകരിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. ഏകോപനത്തിന് പുതിയ സംവിധാനം കൊണ്ടുവരും. ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള റോഡ് നവീകരിക്കും. മാലിന്യ നീക്കം തടസപ്പെടുന്നത് ആശങ്കയാണ്. ബദല്‍ സംവിധാനം ഒരുക്കും. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. ആശങ്കാജനകമായ സാഹചര്യം ഒഴിഞ്ഞു. തീപിടിത്തത്തിലെ അട്ടിമറി ആരോപണം പൊലീസ് അന്വേഷിക്കുകയാണെന്നും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയെന്നും പി രാജീവ് അറിയിച്ചു.

Top