ഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ കേന്ദ്ര ഇടപെടൽ തേടി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ മുരളീധരൻ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു.
മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിന്റെ വിവിധതലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാതായി വി മുരളീധരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽനിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും വി മുരളീധരൻ ആവശ്യപെട്ടു.
ബ്രഹ്മപുരം തീപിടിത്തം ഉണ്ടായ ഉടൻ തന്നെ സഹായത്തിനായി കേന്ദ്ര ദുരന്ത നിവാരണ ഏജൻസിയെ വിളിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരഭിമാനം കൊണ്ടാണ് ഇതിനു തയാറാവാതിരുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ ദുരഭിമാനത്തിനു കൊച്ചിയിലെ ജനങ്ങൾ നൽകിയ വിലയാണു ബ്രഹ്മപുരം ദുരന്തം. മാത്രമല്ല അത്തരം ഇടപെടലുണ്ടായാൽ കോടിക്കണക്കിനു രൂപയുടെ അഴിമതി പുറത്തു വരും.
കേന്ദ്ര ഏജൻസികൾ തന്നെ കോടിക്കണക്കിനു രൂപയാണു കേരളത്തിലെ മാലിന്യ നിർമാർജനത്തിനു വിവിധ ഏജൻസികൾ വഴി നൽകിയത്. ഇതെവിടെപ്പോയി എന്ന് അന്വേഷണവും ഓഡിറ്റും വരും. സംസ്ഥാന വ്യാപകമായി ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.