ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷം ; സുഖോയുടെ ചിറകിലേറി ബ്രഹ്മോസ് ഇനി ലക്ഷ്യത്തിലേക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു.

ഇതാദ്യമാണ് ലോകത്ത് ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നത്.

ഇതോടെ ഈ കഴിവുനേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തം.

നേരത്തെ, സുഖോയും ബ്രഹ്മോസും തമ്മില്‍ സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ലോകത്തില്‍ തന്നെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് പോര്‍ വിമാനമായ സുഖോയില്‍ നിന്നും എതിരാളികള്‍ക്ക് നേരെ നിറയൊഴിക്കുന്നതോടെ ഇന്ത്യന്‍ സേന മികച്ചൊരു ശക്തിയാണ് നേടിയിരിക്കുന്നത്.

അമേരിക്കയുടെ എ16 പോര്‍വിമാനത്തേക്കാള്‍ ഏറെ മികച്ചതാണ് ഇന്ത്യയുടെ സുഖോയ്.

മഹാരാഷ്ട്രയിലെ നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു ബ്രഹ്മോസ്-സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും സംയോജനത്തില്‍ പങ്കാളികളായി.

ശത്രുപാളയത്തിലെ വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് സുഖോയ് 30 ബ്രഹ്മോസ് സംയോജനത്തിന്റെ പ്രധാന സവിശേഷത.

‘ഭീകരന്‍’ എന്ന് വിളിപ്പേരുള്ള സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്.

കരയില്‍ നിന്നും കപ്പലില്‍ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങള്‍ സേനയ്ക്ക് ഇപ്പോള്‍ തന്നെയുണ്ട്.

ബ്രഹ്മോസ്

റഷ്യയും ഇന്ത്യയും സംയുക്തമായി നിര്‍മിച്ച മിസൈല്‍. 2500 കിലോ (വ്യോമപതിപ്പ്) ഭാരം. 8.4 മീറ്റര്‍ നീളവും 0.6 മീറ്റര്‍ വ്യാസവും ഉണ്ട്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്.

Top