ന്യൂഡല്‍ഹി: ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ചൊവ്വാഴ്ച നാവികസേനയുടെ ഐഎന്‍എസ് രണ്‍വിജയ് എന്ന പടക്കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ബംഗാള്‍ ഉള്‍ക്കടലിലെ കാര്‍ നിക്കോബാര്‍ ദ്വീപിനു സമീപത്തുണ്ടായിരുന്ന കപ്പലിനെ മിസൈല്‍ കൃത്യമായി തകര്‍ത്തു.
ശബ്ദത്തെക്കാള്‍ 2.8 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്നതും കുതിച്ചുയര്‍ന്ന ശേഷം ദിശ മാറാനും കെല്‍പുള്ളതുമായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിനു തൊട്ടുപിന്നാലെയാണ് ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.
കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് മിസൈല്‍ ആണ് ഇന്ന് വിക്ഷേപിച്ചത്.
ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ വന്‍തോതിലുള്ള ശക്തി പ്രദര്‍ശിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ പരീക്ഷണം. മൂന്ന് സേനകള്‍ക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) യും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈല്‍ സംവിധാനത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങളാണ് നടക്കുന്നത്.