ന്യൂറലിങ്കില്‍ നിന്ന് ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ച ആദ്യത്തെ മനുഷ്യന് മനസുകൊണ്ട് കമ്പ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാന്‍ സാധിച്ചതായി ഇലോണ്‍ മസ്‌ക്. രോഗിയില്‍ നിന്ന് പരമാവധി ലഭിക്കാവുന്നത്ര മൗസ് ബട്ടണ്‍ ക്ലിക്കുകള്‍ നേടാനാണ് ന്യൂറലിങ്ക് ഇപ്പോള്‍ ശ്രമിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച മനുഷ്യന്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായും മസ്‌ക് വ്യക്തമാക്കി.
സെപ്റ്റംബറില്‍ ഹ്യൂമന്‍ ട്രയല്‍ റിക്രൂട്ട്മെന്റിന് അംഗീകാരം ലഭിച്ചതിന് ശേഷം കഴിഞ്ഞമാസമാണ് കമ്പനി ആദ്യത്തെ മനുഷ്യനില്‍ ചിപ്പ് വിജയകരമായി ഘടിപ്പിച്ചത്. ജനുവരിയില്‍ റോബട്ടിക് ശസ്ത്രക്രിയ വഴിയാണ് തലയില്‍ ചിപ് ഘടിപ്പിച്ചത്. ടെലിപ്പതി എന്നാണ് തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കുന്ന ഈ ഉപകരണത്തിന് പേരിട്ടിരിക്കുന്നത്. ന്യൂറലിങ്കിന്റെ 6 വര്‍ഷം നീളുന്ന ‘ടെലിപ്പതി’ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്.
”പുരോഗതി നല്ലതാണ്, രോഗി പൂര്‍ണമായി സുഖം പ്രാപിച്ചു. നിലവില്‍ ദോഷഫലങ്ങളൊന്നുമില്ല. ചിന്തകള്‍ കൊണ്ട് സ്‌ക്രീനിനു ചുറ്റും ഒരു മൗസിനെ ചലിപ്പിക്കാന്‍ രോഗിക്ക് കഴിയും,” സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ സ്പേസ് ഇവന്റില്‍ മസ്‌ക് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായുള്ള അഭ്യര്‍ഥനയ്ക്ക് ന്യൂറലിങ്ക് മറുപടി നല്‍കിയില്ല.