ബ്രസോറിയയില്‍ തലച്ചോര്‍ തിന്നുന്ന അമീബയുടെ സാന്നിധ്യം; നഗരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

ബ്രസോറിയ: ബ്രസോറിയയില്‍ തലച്ചോര്‍ തിന്നുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തി. ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് ബ്രസോറിയയില്‍ ദുരന്ത സാധ്യത മുന്നറിയിപ്പ് നല്‍കി.

സെപ്റ്റംബര്‍ എട്ടിന് തലച്ചോര്‍ തിന്നുന്ന അമീബയായ നെയ്ഗ്ലേറിയ ഫൗലേറി ബാധിച്ച് ബ്രസോറിയയിലെ ലേക് ജാക്സണ്‍ നഗരത്തില്‍ ജോസിയ മാക് ഇന്റര്‍ എന്ന ആറു വയസ്സുകാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വീട്ടിലെ ഗാര്‍ഡന്‍ ഹോസിന്റെ ടാപ്പില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നഗര കേന്ദ്രത്തിലെ ജലധാരയിലും പ്രധാന നഗരമായ ഹൂസ്റ്റണിനടുത്തുളള മറ്റൊരു നഗരത്തിലെ ഫയര്‍ ഹൈഡ്രന്റിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയതായി നഗരസഭ ഉദ്യോഗസ്ഥന്‍ മൊഡെസ്റ്റോ മുണ്ടോ അറിയിച്ചു. മലിനജലവുമായി കുട്ടിക്ക് സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാമെന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

ലേക് ജാക്സണ്‍ ഉള്‍പ്പെടുന്ന ബ്രസോറിയയിലെ നിരവധി നഗരങ്ങളില്‍ താമസക്കാരോട് കുടിക്കുന്നതിനോ, കുളിക്കുന്നതിനോ, പാചകം ചെയ്യുന്നതിനോ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പിന്നീട് ഈ നിര്‍ദേശം പിന്‍വലിച്ചെങ്കിലും വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നതിന് മുമ്പ് തിളപ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1983-നും 2010-നും ഇടയില്‍ നെയ്ഗ്ലേറിയ ഫൗലേറി ബാധിച്ച് 28 പേരാണ് മരിച്ചതെന്ന് ടെക്സാസ് ആരോഗ്യ അധികൃതര്‍ പറയുന്നു.

Top