പേപ്പറില്‍ എഴുതിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന് പഠനം

ടോക്കിയോ: സ്മാര്‍ട്ട്ഫോണുകള്‍ പ്രചാരത്തില്‍ വന്നതിന് ശേഷം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന വസ്തുക്കളില്‍ പ്രധാനമാണ് പേപ്പറും പേനയും. ഓരോ കാര്യങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ ഏത് സമയത്തും കൈയ്യില്‍ കരുതിയിരുന്ന പേപ്പറും പേനയുമൊക്കെ നാം ഉപേക്ഷിച്ചു. പകരം സ്മാര്‍ട്ട്ഫോണിലെ നോട്ടുകളിലായി എഴുത്തുകള്‍. കുത്തിക്കുറിക്കാന്‍ പേനയ്ക്ക് പകരം കൈവിരലും ഡിജിറ്റല്‍ പേനകളും ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ മനുഷ്യന്റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിലും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും സ്മാര്‍ട്ട്ഫോണുകളെക്കാള്‍ പേപ്പറുകളാണ് നല്ലതെന്നാണ് ജപ്പാനില്‍ നടന്ന പഠനം തെളിയിക്കുന്നത്.

സ്മാര്‍ട്ട്ഫോണുകളെ അപേക്ഷിച്ച് പേപ്പറില്‍ എഴുതുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് പഠനത്തില്‍ തെളിയുന്നത്. പേപ്പറില്‍ എഴുതുന്ന വിവരങ്ങള്‍ ഒരു മണിക്കൂറിന് ശേഷം ഓര്‍ക്കുമ്പോള്‍ തലച്ചോറിന്റെ ശക്തമായ പ്രവര്‍ത്തനത്തിന് അത് കാരണമാകുന്നതായിട്ടാണ് കണ്ടെത്തിയത്. ഓര്‍മ്മകളെ തിരിച്ചുവിളിക്കാന്‍ അതിന് കരുത്തുണ്ടെന്നും ഇവരുടെ പഠനത്തില്‍ വ്യക്തമാകുന്നു.

ജാപ്പനീസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. കൈകൊണ്ട് പേപ്പറില്‍ നേരിട്ട് എഴുതുന്നത് കൊണ്ടാണ് വിവരങ്ങള്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതെന്ന് ടോക്കിയോ യൂണിവേഴ്‌സിറ്റി പ്രഫസര്‍ കുനിയോഷി എല്‍ സകായ് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരെക്കാള്‍ പേപ്പറുകള്‍ ഉപയോഗിക്കുന്നവരില്‍ കര്‍മ്മശേഷി കൂടുതലാണെന്നും പഠനത്തില്‍ തെളിയുന്നു. പരീക്ഷണാര്‍ത്ഥം നല്‍കിയ ടാസ്‌കുകള്‍ ടാബ്ലെറ്റും സ്മാര്‍ട്ട്ഫോണും ഉപയോഗിച്ചവരെക്കാള്‍ 25 ശതമാനം വേഗത്തില്‍ പേപ്പറുകള്‍ ഉപയോഗിച്ചവര്‍ ചെയ്തു തീര്‍ത്തു.

ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിക്കുന്നവരെക്കാള്‍ പേപ്പര്‍ എഴുത്തുകള്‍ ശീലമാക്കിയവര്‍ക്ക് ഓര്‍മ്മശക്തിയും കൂടുതലാണ്. പേപ്പറുകളുടെ ആകൃതിയില്ലായ്മയും എഴുതുന്ന അക്ഷരങ്ങളുടെ വലുപ്പച്ചെറുപ്പവുമൊക്കെ ഇവരുടെ ഓര്‍മ്മശക്തിയെ സ്വാധീനിക്കുന്നു. ഡിജിറ്റല്‍ പേപ്പറുകള്‍ക്ക് ഏകരൂപമാണ്. അത് സ്‌ക്രോള്‍ ചെയ്യുമ്പോഴും ടാബ്ലെറ്റ് ക്ലോസ് ചെയ്യുമ്പോഴും ഓര്‍മ്മകളില്‍ നിന്നും അപ്രത്യക്ഷമാകാനുളള സാധ്യതയും കൂടുതലാണ്.

18നും 29നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ ഓര്‍മ്മശക്തിയും വ്യക്തിപരമായ പ്രകടനമികവും ഡിജിറ്റല്‍ ഉപകരണ പരിചയവും പ്രായവും വിലയിരുത്തി മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. എന്‍ടിടി ഡാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗുമായി ചേര്‍ന്നായിരുന്നു പഠനം

 

Top