അര്‍ജന്റീനയുടെ ‘മങ്ങലില്‍’ വിജയം ദര്‍ശിച്ച, ബ്രസീല്‍ ആരാധകര്‍ക്ക് കിട്ടി ‘എട്ടിന്റെ പണി’

മോസ്‌കോ: അര്‍ജന്റീന – ഐസ് ലാന്‍ഡ് മത്സരം സമനിലയില്‍ അവസാനിച്ചതും മെസ്സി പെനാല്‍റ്റി തുലച്ചതും ട്രോളാക്കി അര്‍ജന്റീനയുടെ ആരാധകരെ പരിഹസിച്ച് ‘കൊന്ന’ ബ്രസീല്‍ ജര്‍മ്മനി ആരാധകര്‍ക്ക് ‘എട്ടിന്റെ പണി’

സ്വിറ്റ്‌സര്‍ലാന്‍ഡ് ടീം ബ്രസീല്‍ സൂപ്പര്‍ താരം നെയ് മറെ വരിഞ്ഞു മുറുക്കി അനങ്ങാന്‍ സമ്മതിക്കാതെ പൂട്ടിയപ്പോള്‍ ഇതിലും ഭേദമായിരുന്നു ഐസ് ലാന്‍ഡ് ടീമിനെതിരായ അര്‍ജന്റീനയുടെ പ്രകടനമെന്ന് കട്ട ബ്രസീല്‍ ആരാധകര്‍ക്ക് പോലും ഇപ്പോള്‍ തോന്നിയതും സ്വാഭാവികം.

ശനിയാഴ്ചയിലെ അര്‍ജന്റീനയുടെ ‘സമനില’ ആഘോഷിച്ച ബ്രസീല്‍ ആരാധകരെയും ജര്‍മ്മനി ആരാധകരെയും ഇപ്പോള്‍ ട്രോളര്‍മാര്‍ നിര്‍ത്തിപ്പൊരിക്കുകയാണ്.

ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്‍ഡിനോട് സമനിലക്ക് വഴങ്ങിയെങ്കില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി മെക്‌സിക്കന്‍ ‘അപാരത’യില്‍ തട്ടി വീണുടയുകയായിരുന്നു (1- O) അപമാനകരമായ പരാജയം ആയിരുന്നു കരുത്തരായ ജര്‍മ്മനി ഇവിടെ നേരിട്ടത്. സൂപ്പര്‍ താരങ്ങളില്‍ സമ്പന്നമായ ബ്രസീല്‍ ആരാധകരാകട്ടെ സ്വറ്റ് സര്‍ലാന്‍ഡിനോട് സമനിലക്ക് വഴങ്ങിയതില്‍ സമനിലതെറ്റിയാണ് സ്റ്റേഡിയം വിട്ടത്.

WhatsApp Image 2018-06-18 at 3.48.36 AM

ആയിരക്കണക്കിന് ട്രോള്‍ പോസ്റ്റുകളാണ് കളിക്കളത്തിലെ അവസാന വിസില്‍ മുഴങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

ശനിയാഴ്ചയിലെ ‘ശനിദശ’ മാറ്റാന്‍ അര്‍ജന്റീന ആരാധകര്‍ ബ്രസീല്‍ – ജര്‍മ്മനി ആരാധകരെ ലക്ഷ്യമിട്ട് വ്യാപകമായാണ് ട്രോള്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് പാതിരാത്രിയും കര്‍മ്മനിരതരായിരുന്നത്. അതിരുവിട്ട കമന്റുകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാണ്.

ബ്രസീല്‍ അടിച്ച ആദ്യ ഗോളില്‍ ആവേശം കൊണ്ട് എണ്ണം പറഞ്ഞ് ബെറ്റ് വച്ച ആരാധകര്‍ക്കും വ്യാപകമായി വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം റഷ്യയുടെ മണ്ണ് സൂപ്പര്‍ താരങ്ങള്‍ക്കും സൂപ്പര്‍ ടീമുകള്‍ക്കും വലിയ പരീക്ഷണമായി മാറിയതോടെ അടുത്ത മത്സരം മുതല്‍ തന്ത്രങ്ങള്‍ മാറ്റാനുള്ള നീക്കത്തിലാണ് അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി ടീമുകള്‍. പോര്‍ച്ചുഗല്‍ ടീമിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇതിന് അപവാദം മുന്‍ ലോക ചാമ്പ്യന്‍മാരായ സ്പെയിനിന് എതിരെ മൂന്ന് ഗോളാണ് അദ്ദേഹം അടിച്ച് കൂട്ടിയത്.

അര്‍ജന്റീന – ഐസ് ലാന്റ് മത്സരത്തില്‍ 72 ശതമാനം സമയവും പന്ത് കൈവശമിരിന്നിട്ടും സമനിലയില്‍ വഴങ്ങേണ്ടി വന്നത് അര്‍ജന്റീനയുടെ ആരാധകരെ ഞെട്ടിച്ചിരുന്നു.

10 തവണ ഐസ് ലാന്‍ഡിന്റെ വല ലക്ഷ്യമാക്കി മെസ്സി നിറയൊഴിച്ചിട്ടും ഗോളാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഗോളാകും എന്ന് ഉറപ്പുള്ള പെനാല്‍റ്റി പാഴാക്കിയതിന് മെസ്സി ആരാധകരോടും ടീമിനോടും മാപ്പ് പറഞ്ഞിട്ടുണ്ട്. ഇതിനുള്ള ‘പരിഹാരം’ അടുത്ത മത്സരത്തില്‍ ഉണ്ടാക്കിയിരിക്കുമെന്നാണ് സൂപ്പര്‍ താരത്തിന്റെ ഉറപ്പ്.

‘സമനില എന്നാല്‍ തോല്‍വി അല്ലാ എന്ന് സമനില തെറ്റാത്തവര്‍ക്ക് അറിയാമെന്ന’ പോസ്റ്റിട്ടാണ് മെസ്സിയുടെ വാക്കുകളെ ആരാധകര്‍ എതിരാളികള്‍ക്കായി ഉപയോഗപ്പെടുത്തിയത്.

അര്‍ജന്റീനന്‍ ആരാധകരുടെ ഈ പോസ്റ്റ് തന്നെ തിരിച്ച് ‘ആയുധ’മാക്കിയാണ് ബ്രസീല്‍ ആരാധകരും തങ്ങള്‍ക്ക് എതിരായ ട്രോളുകളെ ഇപ്പോള്‍ പ്രതിരോധിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Top