അവസാന നിമിഷ ഗോളില്‍ പെറുവിനെ മറികടന്ന് ബ്രസീല്‍; ബൊളീവിയയെ തകര്‍ത്ത് അര്‍ജന്റീന

ലിമ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അവസാന നിമിഷ ഗോളില്‍ പെറുവിനെ മറികടന്ന് ബ്രസീല്‍. 90-ാം മിനിറ്റില്‍ മര്‍ക്വിഞ്ഞോസ് നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ബൊളീവിയയെ തകര്‍ത്തു. അതേസമയം, ഉറുഗ്വെയ്ക്ക് തോല്‍വി നേരിടേണ്ടി വന്നു. ഇക്വഡോര്‍ 2-1നാണ് ഉറുഗ്വെയെ അട്ടിമറിച്ചത്. ചിലെ – കൊളംബിയ മത്സരം സമനിലയില്‍ പിരിഞ്ഞു.

പെറുവിനെതിരെ ബ്രസീലിന് തന്നെയായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ പെറു കനത്ത വെല്ലുവിളി ഉയര്‍ത്തി. ഗോള്‍ നേടിയത് മാര്‍ക്വിഞ്ഞോസാണെന്ന് മാത്രം. നെയ്മര്‍ തൊടുത്തുവിട്ട കോര്‍ണര്‍ കിക്കില്‍ ബ്രസീലിയന്‍ പ്രതിരോധതാരം തല വെക്കുകയായിരുന്നു. ഗോള്‍ വീഡിയോ കാണാം…

രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ബ്രസീലാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇത്രയും തന്നെ പോയിന്റുള്ള അര്‍ജന്റീന രണ്ടാമത്. ഗോള്‍ വ്യത്യാസത്തിലാണ് അര്‍ജന്റീന രണ്ടാമതായത്. ബൊളീവിയയെ എതിരില്ലാത്ത മുന്ന് ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീനയെ എയ്ഞ്ചല്‍ ഡി മരിയ തോളിലേറ്റുകയായിരുന്നു. എന്‍സോ ഫെര്‍ണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഡി മരിയ രണ്ട് അസിസ്റ്റുകള്‍ നല്‍കി. സമുദ്ര നിരപ്പില്‍ നിന്ന് 3600 അടിക്ക് മുകളിലുള്ള ലാ പാസിലെ സ്റ്റേഡിയത്തില്‍ അര്‍ജന്റൈന്‍ താരങ്ങള്‍ പലപ്പോഴും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി.

39-ാം മിനിറ്റില്‍ ബൊളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡുമായി പുറത്തായത് ബൊളീവിയക്ക് തിരിച്ചടിയായി. 31-ാം മിനിറ്റില്‍ എന്‍സോയിലൂടെയാണ് അര്‍ജന്റീന ലീഡെടുക്കുന്നത്. ഡി മരിയ ബൊളീവിയന്‍ ബോക്‌സിലേക്ക് നിലം പറ്റെ നല്‍കിയ ക്രോസില്‍ എന്‍സോ ഫിനിഷ് ചെയ്യുകയായിരുന്നു. വീഡിയോ കാണാം…

ആദ്യ പകുതി അവാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ അര്‍ജന്റീനയുടെ രണ്ടാം ഗോളും വന്നു. ഡി മരിയ രണ്ടാം അസിസിറ്റായിരുന്നു ഇത്. അര്‍ന്റൈന്‍ വെറ്ററന്‍ താരം നല്‍കിയ ഫ്രീകിക്കില്‍ തലവെച്ചാണ് ടാഗ്ലിയാഫിക്കോ ഗോള്‍ നേടുന്നത്. വീഡിയോ കാണാം…

83-ാം മിനിറ്റില്‍ ഗോള്‍സാലസ് ലീഡുയര്‍ത്തി. എക്‌സേക്വീല്‍ പലാസിയോസിന്റെ അസിസ്റ്റിലായിരുന്നു ഗോണ്‍സാലസിന്റെ ഗോള്‍. പകരക്കാരനായി ഇറങ്ങിയ പലാസിയോസ് ഡി ബോക്‌സിന് പുറത്ത് നിന്ന് നല്‍കിയ പന്ത് സ്വീകരിച്ച നിക്കോളാസ് നിറയൊഴിച്ചു. വീഡിയോ കാണാം…

മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ രണ്ടിതെിരെ ഒരു ഗോളിന് ഉറുഗ്വെയെ അട്ടമിറിച്ചു. അഗസ്റ്റില്‍ കനോബിയോയുടെ ഗോളില്‍ ഉറുഗ്വെ മുന്നിലെത്തി. എന്നാല്‍ ഫെലിക്‌സ് ടോറസിന്റെ രണ്ട് ഗോളുകള്‍ ഇക്വഡോറിന് ജയമൊരുക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ടോറസിന്റെ ആദ്യ ഗോള്‍. 61-ാം മിനിറ്റില്‍ പട്ടിക പൂര്‍ത്തിയായി. വെനെസ്വേല 1-0ത്തിന് പരാഗ്വെയെ മറികടന്നു. ചിലി – കൊളംബിയ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

Top