ബ്രസീലിയ: ബ്രസീലില്‍ 3,086 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 3,95,022 ആയെന്ന് ദേശീയ ആരോഗ്യ മന്ത്രാലയം. 72,140 പേർക്കാണ് ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 14,441,563 ആയി ഉയർന്നു. ഈ നിലയിൽ തന്നെ രോഗ വ്യാപനം തുടരുകയാണെങ്കിൽ ഏപ്രിൽ അവസാനത്തോടെ മരണനിരക്ക് 4,00,000 കടക്കും എന്നാണ് വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്.
വാക്‌സിനേഷൻ നല്ല രീതിയിൽ നടക്കുന്നുണ്ടെങ്കിലും കൊവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ മെയ് വളരെ കഠിനമാകുമെന്ന് സാവോ പോളോ ആസ്ഥാനമായുള്ള ബ്യൂട്ടന്‍റാൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തലവൻ ദിമാസ് കോവാസ് മുന്നറിയിപ്പ് നൽകി. ഗർഭിണികൾക്കും അടുത്തിടെ പ്രസവിച്ചവർക്കും ദേശീയ ഇമ്മ്യൂണൈസേഷൻ പദ്ധതി മുൻഗണന നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടേറിയറ്റുകളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 2,95,54,723 പേർക്കെങ്കിലും കൊവിഡ് വാക്‌സിന്‍റെ ഒന്നാം ഡോസും 1,31,27,599 പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു.