പോര്‍ട്ടോ: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ മഞ്ഞപ്പടയെ സമനിലയില്‍ കുരുക്കി പനാമ. ആദ്യ പകുതിയില്‍ ബ്രസീലും പനാമയും നേടിയ ഓരോ ഗോളില്‍ മത്സരം അവസാനിക്കുകയായിരുന്നു.
ലോകത്തിലെ 76-ാം റാങ്കുകാരായ പനാമയോട് സമനിലയ്ക്ക് കീഴപ്പെടേണ്ടിവന്നത് കോപ്പ അമേരിക്ക ഫുട്ബോളില്‍ വിജയം ലക്ഷ്യമിടുന്ന ആതിഥേയരായ ബ്രസീലിന് വലിയ തിരിച്ചടിയാണ്.
പോര്‍ച്ചുഗീസ് നഗരമായ പോര്‍ട്ടോയില്‍ നടന്ന മത്സരത്തില്‍ 32-ാം മിനിറ്റില്‍ ബ്രസീലിന് ലീഡ് നല്‍കിയത് ടോളന്റിനോ ലുക്കാസ് പക്വിറ്റയാണ്. പക്ഷേ പനാമ നാല് മിറ്റിനകം മക്കാഡോയിലൂടെ ഗോള്‍ മടക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസിനേയും വെസ്റ്റ്ഹാം താരം ഫിലിപെ ആന്‍ഡേഴ്സണേയും ബ്രസീല്‍ കളത്തിലിറക്കി.എന്നാല്‍ ഇരുവര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.