കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വീണ്ടും മത്സരപ്പോരാട്ടത്തിനായി ബ്രസീല്‍.
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിന് ഗോവയിലേക്ക് പോയി തിരിച്ചെത്തിയ ടീം അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലാണ് കളിക്കാനിറങ്ങുന്നത്.
എതിരാളികള്‍ ദുര്‍ബലരായ ഹോണ്ടുറാസാണ്. അതുകൊണ്ട് തന്നെ വിജയം ഉറപ്പിച്ച് ക്വാര്‍ട്ടറില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട. രാത്രി എട്ടിനാണ് കിക്കോഫ്.
ഗ്രൂപ്പ് ഡിയില്‍ മൂന്ന് മത്സരവും ജയിച്ച് ഒന്നാമതായാണ് ബ്രസീല്‍ അവസാന 16-ല്‍ ഇടംനേടിയത്.
ആദ്യ കളിയില്‍ സ്‌പെയിനിനെ 2-1നും രണ്ടാം മത്സരത്തില്‍ വടക്കന്‍ കൊറിയയെ 2-0നും അവസാന പോരാട്ടത്തില്‍ നൈജറിനെ 2-0നും പരാജയപ്പെടുത്തി.
ആകെ ആറ് ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണമാണ്, അത് സെല്‍ഫ് ഗോളുമായിരുന്നു.
മൂന്ന് ഗോള്‍ നേടിയ ലിങ്കണാണ് ബ്രസീലിന്റെ തുറുപ്പുചീട്ട്. രണ്ട് ഗോള്‍ നേടിയ പൗളീഞ്ഞോ, ഒരെണ്ണം നേടിയ ബ്രണ്ണര്‍ എന്നിവരും മികച്ച ഫോമിലാണ്.
ഇന്നും ആദ്യ ഇലവനില്‍ സ്‌ട്രൈക്കര്‍മാരായി ലിങ്കണും പൗളീഞ്ഞോയും ബ്രണ്ണറുമായിരിക്കും ഇടംനേടുക.
മധ്യനിരയില്‍ വിക്ടര്‍ ബോബ്‌സണ്‍, മാര്‍ക്കസ് അന്റോണിയോ, അലന്‍ എന്നിവര്‍ ഇറങ്ങാനാണ് സാധ്യത.
വെസ്‌ലി, വെവേഴ്‌സണ്‍, ലൂക്കാസ് ഹാള്‍ട്ടര്‍ എന്നിവര്‍ പ്രതിരോധം കാക്കാനുമിറങ്ങും. കഴിഞ്ഞ മത്സരങ്ങളിലെ പോലെ 433 ശൈലിയില്‍ തന്നെയായിരിക്കും ബ്രസീല്‍ ഇന്നിറങ്ങുക.
ഗ്രൂപ്പ് ഇയില്‍ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നായാണ് ഹോണ്ടുറാസ് നോക്കൗട്ടില്‍ ഇടംപിടിച്ചത്.
മൂന്ന് കളികളില്‍ ഒരു ജയവും രണ്ട് തോല്‍വിയുമടക്കം 3 പോയിന്റ് നേടിയാണ് അവസാന 16ല്‍ ഒന്നായത്.
ആദ്യകളിയില്‍ ജപ്പാനോട് 6-1ന്റെ തോല്‍വിയോടെ തുടക്കം. രണ്ടാം മത്സരത്തില്‍ ന്യൂ കാലിഡോണിയെ 5-0ന് തകര്‍ത്തെങ്കിലും അവസാന മത്സരത്തില്‍ ഫ്രാന്‍സിനോട് 5-1ന് തകര്‍ന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമാണ് ഹോണ്ടുറാസ്, മൂന്ന് കളികളില്‍ നിന്ന് 11 ഗോളുകള്‍.