ഫിഫ റാങ്കിംഗില്‍ ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരും, ഫ്രാന്‍സിനെ പിന്തള്ളി അര്‍ജന്‍റീനക്ക് നേട്ടം

ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനവും ബെൽജിയം രണ്ടാം സ്ഥാനവും നിലനിർത്തി. ഫ്രാൻസിനെ മറികടന്ന് അർജന്‍റീന മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയ്ൻ, ഹോളണ്ട്, പോർച്ചുഗൽ , ഡെൻമാർക്ക് എന്നിവരാണ് ആദ്യ അഞ്ച് മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.

ഒന്നാംസ്ഥാനത്തുള്ള ബ്രസീലിന് 1838 പോയിന്‍റുണ്ട് . രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിന്‍റും അർജന്‍റീനയ്ക്ക് 1784 പോയിന്‍റും ഫ്രാൻസിന് 1765 പോയിന്‍റുമാണുള്ളത്. ഏപ്രിൽ ഏഴ് മുതൽ ജൂൺ പതിനാല് വരെ നടന്ന 300 മത്സരങ്ങളുടെ ഫലം ഉൾപ്പെടുത്തിയാണ് ഫിഫ റാങ്കിംഗ് പുതുക്കിയത്.

ഫൈനലിസിമ പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത അര്‍ജന്‍റീന സൗഹൃദപ്പോരാട്ടത്തില്‍ എസ്റ്റോണിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കി പരാജയമറിയാതെ 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതാണ് റാങ്കിംഗിലും നേട്ടമായത്.

ഇറാനാണ് ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ രാജ്യം. ഇരുപത്തിമൂന്നാം സ്ഥാനത്താണ് ഇറാൻ. ഇന്ത്യ നൂറ്റി ആറാം സ്ഥാനത്ത് തുടരുന്നു. 1992ലാണ് ഫിഫ റാങ്കിംഗ് പുറത്തിറക്കിയത്. ഇതിന് ശേഷം എട്ട് ടീമുകൾ മാത്രമാണ് ഇതുവരെ ഒന്നാം റാങ്കിലെത്തിയിട്ടുള്ളൂ. ബ്രസീൽ, ജർമ്മനി, അർജന്‍റീന, ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ, ബൽജിയം, ഹോളണ്ട് എന്നിവരാണ് ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടീമുകൾ.

Top