മെസ്സിയില്ലാതെ വീണ്ടും അര്‍ജന്റീന ; ലാറ്റിനമേരിക്കന്‍ ക്ലാസിക് പോരാട്ടം ഇന്ന്

റിയാദ്: അന്താരാഷ്ട്ര സൗഹൃദഫുട്ബോള്‍ പോരാട്ടം ഇന്ന്. ജിദ്ദ കിംങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ബ്രസീല്‍-അര്‍ജന്റീന സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കുന്നത്. മുന്‍നിര താരങ്ങളുമായാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. സൂപ്പര്‍ ക്ലാസിക്കോ കപ്പിന് വേണ്ടിയുള്ള പോരാട്ടമായതിനാല്‍ ഇന്നത്തെ മത്സരം സമനിലയിലായാല്‍ ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തും.

അതേസമയം, ക്യാപ്റ്റന്‍ മെസിയുള്‍പ്പെടെ സീനിയര്‍ താരങ്ങള്‍ ആരുമില്ലാതെയാണ് അര്‍ജന്റീന പോരാട്ടത്തിനിറങ്ങുക. ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ച മെസിയില്ലാതെ തുടര്‍ച്ചയായ നാലാം മത്സരമാണ് അര്‍ജന്റീന കളിക്കാനൊരുങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ അഗ്യൂറോ, ഹിഗ്വെയിന്‍, ഡിമരിയ എന്നിവരും അര്‍ജന്റൈന്‍ ടീമിലില്ല.

ബ്രസീലിനെതിരായ പോരാട്ടം ഒരിക്കലും സൗഹൃദ മത്സരമല്ലെന്ന് അര്‍ജന്റീനിയന്‍ താരം ഇക്കാര്‍ഡി. ബ്രസീലിനെതിരായ മത്സരം എപ്പോഴും ആകാംക്ഷയുണ്ടാക്കുന്നതാണ്. അവസാന സൗഹൃദ മത്സരത്തില്‍ കൊളംബിയക്കെതിരെ നന്നായി കളിച്ചു. എന്നാല്‍, ബ്രസീലിനെതിരെ അത് മതിയാവില്ല. ഇതിനപ്പുറം, മൈതാനത്ത് ഒരുതരത്തിലും സൗഹൃദമുണ്ടാവില്ലെന്നും പുതിയ തലമുറയ്ക്ക് വേണ്ടി ചിലത് ചെയ്യാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി ഇക്കാര്‍ഡി പറഞ്ഞു. ഞാന്‍ നന്നായി കളിക്കുന്നുണ്ട്. മികച്ച ഫോമിലാണ് ഇക്കുറി കളിക്കാനെത്തുന്നത്. ടീം ഒന്നാകെ മത്സരത്തിന് തയ്യാറെടുത്തതായും ഇക്കാര്‍ഡി കൂട്ടിച്ചേര്‍ത്തു.

അവസാനമായി അര്‍ജന്റീനയും, ബ്രസീലും തമ്മില്‍ സൗഹൃദഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത് 2017 ജൂണിലായിരുന്നു. അന്ന് 10 ന് അര്‍ജന്റീനയായിരുന്നു മത്സരം ജയിച്ചത്.

Top