റിയോ ഡി ജെനീറോ: കോപ്പ അമേരിക്കയില്‍ ബ്രസീല്‍-കൊളംബിയ വമ്പന്മാരുടെ പോരാട്ടത്തില്‍ അവസാന നിമിഷം ജയം പിടിച്ചെടുത്ത് ബ്രസീല്‍(2-1). ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഇരു ടീമും കൊമ്പുകോര്‍ത്തത്. ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ 78ാം മിനിറ്റു വരെയും പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീലിന്റെ തിരിച്ചുവരവ്. ബ്രസീലിനായി ഫിര്‍മിനോ, കാസിമെറോ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ലൂയിസ് ഡയസാണ് കൊളംബിയയുടെ സ്‌കോറര്‍.
10ാം മിനിറ്റില്‍ ലൂയിസ് ഡയസ് നേടിയ സിസര്‍കട്ടി ഗോളിലാണ് ബ്രസീലിനെ ഞെട്ടിച്ച് കൊളംബിയ മുന്നിലെത്തിയത്. വലത്തേ മൂലയില്‍നിന്ന് യുവാന്‍ ക്വാഡ്രാഡോ നല്‍കിയ ക്രോസ് മികച്ച കിക്കിലൂടെ ഡയസ് വലക്കകത്താക്കുകയായിരുന്നു. ആദ്യപകുതിയില്‍ തന്നെ ഗോള്‍ മടക്കാന്‍ നെയ്മറും സംഘവും ആകുന്നത്ര ശ്രമിച്ചെങ്കിലും കൊളംബിയന്‍ പ്രതിരോധം കോട്ടകെട്ടി.
ബ്രസീല്‍ തോല്‍വിലേക്ക് നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിലാണ് റോബര്‍ട്ടോ ഫിര്‍മിനോ രക്ഷകനായി അവതരിച്ചത്. 78ാം മിനിറ്റില്‍ വിവാദ ഗോളിലാണ് ഫിര്‍മിനോ ബ്രസീലിന് സമനില സമ്മാനിച്ചത്. കളിക്കിടെ കൊളംബിയന്‍ ബോക്സിന് സമീപം നെയ്മര്‍ അടിച്ച പന്ത് റഫറിയുടെ ശരീരത്തില്‍ ഇടിച്ചു. ഫൗള്‍ വിസില്‍ വിളിക്കുമെന്ന് കൊളംബിയന്‍ താരങ്ങള്‍ ധരിച്ചെങ്കിലും അതുണ്ടായില്ല. അവസരം മുതലെടുത്ത ബ്രസീല്‍ ഗോളിലേക്ക് കുതിച്ചു. റെനന്‍ ലോഡി നല്‍കിയ ക്രോസ് ഫിര്‍മിനോ ഹെഡറിലൂടെ വലയിലാക്കി. വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിച്ചു. തുടര്‍ന്ന് കൊളംബിയന്‍ താരങ്ങള്‍ പ്രതിഷേധവുമായി റഫറിയെ വളഞ്ഞു. 10 മിനിറ്റോളം മത്സരം തടസ്സപ്പെടുകയും ചെയ്തു.
കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ നൂറാം മിനിറ്റിലാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. അവസാനമായി കിട്ടിയ കോര്‍ണര്‍ ബ്രസീല്‍ ഗോളാക്കി മാറ്റി. നെയ്മര്‍ തൊടുത്ത കോര്‍ണര്‍ കിക്ക് ബോക്സില്‍ മാര്‍ക്ക് ചെയ്യാപ്പെടാതിരുന്ന കാസിമെറോയിലേക്ക്. അദ്ദേഹം ലഭിച്ച അവസരം പാഴാക്കാതെ പന്ത് വലയിലാക്കി. ഇക്വഡോര്‍-പരാഗ്വ മത്സരം സമനിലയായി. രണ്ട് ഗോള്‍ വീതമാണ് ഇരുടീമുകളും നേടിയത്.