ബ്രസീലിയന്‍ മുന്നേറ്റതാരം റോഡ്രിഗോ റയല്‍ മാഡ്രിഡില്‍ തുടരും

മാഡ്രിഡ്: ബ്രസീലിയന്‍ മുന്നേറ്റതാരം റോഡ്രിഗോ റയല്‍ മാഡ്രിഡില്‍ തുടരും. ക്ലബ്ബുമായുള്ള കരാര്‍ 2028 വരെയാണ് താരം പുതുക്കിയത്. നിലവിലെ കരാര്‍ 2025 ഓടെ അവസാനിക്കാനിരിക്കെയാണ് താരവുമായി റയല്‍ പുതിയ കരാറില്‍ ഒപ്പുവെച്ചത്. പുതിയ കരാറിനൊപ്പം ഒരു ബില്ല്യണ്‍ യൂറോയുടെ റിലീസ് ക്ലോസും റയല്‍ ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറുമായുള്ള കരാറും റയല്‍ മാഡ്രിഡ് പുതുക്കിയിരുന്നു. 2027 വരെയാണ് താരത്തിന്റെ സേവനം റയലിന് ലഭ്യമാവുക. ക്ലബ്ബിന് വേണ്ടി 235 മത്സരങ്ങളില്‍ നിന്ന് 63 ഗോളുകളാണ് ലെഫ്റ്റ് വിങ്ങര്‍ അടിച്ചുകൂട്ടിയത്. റയലിനൊപ്പം ഒന്‍പത് കിരീടങ്ങള്‍ വിനീഷ്യസ് ഇതിനോടകം നേടിയിട്ടുണ്ട്. മറ്റുപല യുവതാരങ്ങളുടെയും കരാര്‍ ക്ലബ്ബ് ഉടന്‍ തന്നെ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ലാണ് ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസില്‍ നിന്നും റോഡ്രിഗോ റയലിലെത്തിയത്. 45 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു താരത്തിന്റെ കൂടുമാറ്റം. റയല്‍ 14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ റോഡ്രിഗോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. റയലിന് വേണ്ടി 202 മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

 

Top