ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ തുടരും

മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ തുടരും. ക്ലബ്ബുമായുള്ള കരാര്‍ 2027 വരെ പുതുക്കി. ക്ലബ്ബ് തന്നെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്. പുതിയ കരാറില്‍ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ക്ലോസ് ഒരു ബില്ല്യണ്‍ യൂറോയുമാകും.

സ്പാനിഷ് ലീഗില്‍ സമീപകാലത്ത് ഏറ്റവും അധികം വംശീയ അധിക്ഷേപത്തിന് വിധേയനായ താരമാണ് വിനീഷ്യസ് ജൂനിയര്‍. മൈതാനങ്ങളിലെ വംശീയ അധിക്ഷേപങ്ങള്‍ ഇല്ലാതാക്കാന്‍ ഫിഫ രൂപം നല്‍കിയ വംശീയ വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ചതും വിനിയെയാണ്. തിങ്കളാഴ്ച നടന്ന ബലോന്‍ ദ് ഓര്‍ ചടങ്ങില്‍ താരത്തിന് സോക്രട്ടീസ് അവാര്‍ഡ് ലഭിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവുമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

റയല്‍ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിനീഷ്യസ്. 2018ലാണ് വിനി റയലിലെത്തുന്നത്. ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളമെംഗോയില്‍ നിന്ന് വെറും 18 വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് താരം സാന്റിയോഗോ ബെര്‍ണബ്യൂവിലെത്തിയത്. ക്ലബ്ബിന് വേണ്ടി 235 മത്സരങ്ങളില്‍ നിന്ന് 63 ഗോളുകളാണ് ലെഫ്റ്റ് വിങ്ങര്‍ അടിച്ചുകൂട്ടിയത്. റയലിനൊപ്പം ഒന്‍പത് കിരീടങ്ങള്‍ വിനീഷ്യസ് ഇതിനോടകം നേടിയിട്ടുണ്ട്.

 

Top