2024ലെ പാരിസ് ഒളിമ്പിക്‌സില്‍ മത്സര ഇനമായി ബ്രേക്ക് ഡാൻസും

ലണ്ടൻ: 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ മെഡലുള്ള മത്സര ഇനമായി ബ്രേക്ക് ഡാൻസ് ഉൾപ്പെടുത്താനൊരുങ്ങി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ടോക്യോ ഒളിമ്പിക്‌സില്‍ ഉൾപ്പെടുത്തിയ സർഫിങ്, സ്‌കേറ്റ് ബോർഡിങ്, സ്പോർട്സ് ക്ലൈംബിങ് എന്നിവയ്ക്കൊപ്പം ബ്രേക്ക്ഡാൻസിങ്ങും പാരിസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകാരം നൽകിയതായി ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു. ആതിഥേയ മേഖലയിലെ ജനപ്രിയ ഇനങ്ങളെ തെരഞ്ഞെടുക്കാൻ ആതിഥേയ നഗരത്തെ അനുവദിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ ചട്ടപ്രകാരമാണ് ഈ നടപടി.

2024 പാരീസ് ഒളിമ്പിക്സിനെ കൊവിഡാനന്തര ലോകത്തിന് കൂടുതൽ അനുയോജ്യമാക്കുകയാണെന്നും ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവും സങ്കീർണതയും കുറച്ച് യുവാക്കളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നും തോമസ് ബാച്ച് അഭിപ്രായപ്പെട്ടു. 2024ലെ പാരീസ് ഗെയിംസിൽ 329 ഇനങ്ങളിലായി മൊത്തം അത്‌ലറ്റുകളുടെ എണ്ണം 10,500 ആയി ഐ.ഒ.സി. പരിമിതപ്പെടുത്തി. ഇതിൽ പുരുഷ വനിത കായിക താരങ്ങളുടെ എണ്ണം തുല്യമായിരിക്കും.

Top