കോവിഡ്; ‘ബ്രേക്ക് ദ ചെയിന്‍’ രണ്ടാംഘട്ട പ്രചാരണത്തിന് സംസ്ഥാനത്ത് തുടക്കമായി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ക്ഡാണില്‍ ഭാഗിക ഇളവുകള്‍ നല്‍കിത്തുടങ്ങിയ സാഹചര്യത്തില്‍ ‘ബ്രേക്ക് ദ ചെയിന്‍’ രണ്ടാംഘട്ട പ്രചാരണത്തിന് സംസ്ഥാനത്ത് തുടക്കമായി.

ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ‘തുടരണം ഈ കരുതല്‍’ രണ്ടാംഘട്ട കാമ്പയിന്‍ രൂപംനല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ.കെ. ശൈലജയ്ക്ക് ‘തുടരണം ഈ കരുതല്‍’ പോസ്റ്റര്‍ കൈമാറി പ്രകാശനംചെയ്തു.

ആരോഗ്യവകുപ്പ്, സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, സാമൂഹിക സുരക്ഷാമിഷന്‍, ആരോഗ്യകേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരേ ശക്തമായ ബോധവത്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശത്തോടെയാണ് പ്രചാരണം നടത്തുന്നത്. ഇതോടൊപ്പം എസ്.എം.എസ്. എന്ന ചുരുക്കപ്പേരും ഉപയോഗിക്കുന്നു. എസ് -സോപ്പ്, എം -മാസ്‌ക്, എസ് -സോഷ്യല്‍ ഡിസ്റ്റന്‌സിങ് എന്നിങ്ങനെ ശ്രദ്ധിക്കേണ്ട് മൂന്ന് കാര്യങ്ങള്‍. അതായത് സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.
ഇതുള്‍പ്പെടെ പൊതുജനങ്ങള്‍ പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പ്രചാരണപരിപാടികള്‍.

ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
3. സാമൂഹിക അകലം പാലിക്കുക
4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്
5. പരമാവധി യാത്രകള്‍ ഒഴിവാക്കുക
6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങരുത്
7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്
8. പൊതുഇടങ്ങളില്‍ തുപ്പരുത്
9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക
10.ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക

Top