ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ചു. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് കൈമാറി.
ജൂണ്‍ 23-ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം, മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെയെ കൂടാതെ യാത്ര തിരിച്ചിരുന്നു. ഇത് കൊഹ്ലിയും കുബ്ലെയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണെന്നാണ് സൂചന.
എന്നാല്‍ ലണ്ടനില്‍ ചേരുന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് കുംബ്ലെ അവിടെ തങ്ങുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇതിനിടയിലാണ് കുംബ്ലെ രാജിക്കത്ത് നല്‍കിയത്.