ബാബ്‌റി മസ്ജിദ് കേസ്; കുറ്റവിമുക്തനാക്കണമെന്ന അദ്വാനിയുടെ വിടുതല്‍ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് കേസില്‍ എല്‍ കെ അദ്വാനിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി.

കുറ്റവിമുക്തനാക്കണമെന്ന വിടുതല്‍ ഹര്‍ജിയാണ് തള്ളിയത്.

ഇതിനുപിന്നാലെ പ്രത്യേക സി.ബി.ഐ കോടതി അദ്വാനിക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആണ് ചുമത്തിയത്.

കേസില്‍ 12 ബി.ജെ.പി നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം ഗൂഢാലോചനക്കുറ്റം പ്രതികള്‍ കോടതിയില്‍ നിഷേധിച്ചു. ജാമ്യത്തുകയായി നേതാക്കള്‍ കോടതിയില്‍ 50,000 രൂപവീതം കെട്ടിവെക്കണം. പ്രതികള്‍ മെയ് മെയ് 25 നും 26 നും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതികള്‍ മിക്കവരും ആദിവസങ്ങളില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് പ്രതികള്‍ മെയ് 30 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയില്‍ ഹാജരാകുന്നതിന് ഇനിയും ഇളവ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്.

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2001 ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സി.ബി.ഐ കോടതി റദ്ദാക്കിയിരുന്നു. 2010 ല്‍ സി.ബി.ഐ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. എന്നാല്‍ 2017 ഏപ്രില്‍ 19 ന് സുപ്രീം കോടതി ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചു.

Top