സെന്‍കുമാറിന്റെ പുനര്‍നിയമനം;വിധി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപി സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ സുപ്രീം കോടതി വിധി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുപ്രീം കോടതി വിധി അന്തിമമാണ്. ഉചിതമായ തീരുമാനമെടുക്കും. അതില്‍ സംസ്ഥാന സര്‍ക്കാരിന് മറ്റു പ്രശ്‌നങ്ങളില്ല. വിധി വന്ന് പിറ്റേന്ന് നടപ്പാക്കുമെന്ന് വിശ്വസിച്ചവര്‍ക്കാണ് തെറ്റുപറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതുവരെ വിധി നടപ്പാക്കാന്‍ തയാറായിട്ടില്ല.

ഇതിനെതിരെ സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഈ സാഹചര്യത്തിലാണ് വിധി നടപ്പാക്കാന്‍ സമയം വേണമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തുനിര്‍ത്തിയാണ് സെന്‍കുമാര്‍ ശനിയാഴ്ച ഹര്‍ജി നല്‍കിയത്. വിധി നടപ്പാക്കേണ്ട ഉദ്യോഗസ്ഥ എന്നനിലയിലാണിത്. ഉത്തരവ് നടപ്പാക്കാന്‍ ചീഫ്‌സെക്രട്ടറി വിസമ്മതിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

Top