മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഐ ; ഏകാധിപതിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം.

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു. ഇത് തിരുത്താന്‍ സിപിഎം ഇടപെടണമെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് സിപിഐയുടെ വിമര്‍ശനം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായി, ടാറ്റയ്ക്കുവേണ്ടി നിലകൊണ്ടത് സിപിഐ അല്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ബംഗാളില്‍ ടാറ്റയെ സഹായിച്ചത് ആരെന്ന് ഓര്‍ക്കണം. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണ് സിപിഐ എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ടാറ്റയുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് എല്‍ഡിഎഫില്‍ ചോദിച്ചപ്പോള്‍ അതു സാധ്യമാകുമോ എന്ന സന്ദേഹത്തിലായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്ന് കോടിയേരി ആരോപിച്ചിരുന്നു.

അതിനു പോയാല്‍ ഒടുവില്‍ ടാറ്റയ്ക്ക് അങ്ങോട്ടു കൊടുക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു സിപിഐ.

Top