ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യമായ 265 റണ്‍സ് 40.1 ഓവറില്‍ ഇന്ത്യ മറി കടക്കുകയായിരുന്നു.
ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(46) രോഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ധവാന്‍ പുറത്തായതിനെ ശേഷം എത്തിയ വിരാട് കോഹ്‌ലി(96)യും രോഹിത് ശര്‍മ്മ(123) യും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
സെഞ്ചുറി പ്രകടനവുമായി രോഹിത് ശര്‍മ്മയും 96 റണ്‍സുമായി വിരാട് കോലിയും കളം നിറഞ്ഞപ്പോള്‍ ബംഗ്ലാ ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഇരുവരും 178 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സടിച്ചു. മൂന്നാം വിക്കറ്റില്‍ തമീം ഇഖ്ബാലും മുഷ്ഫിഖുര്‍ റഹ്മാനും ചേര്‍ന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ട് ബംഗ്ലാദേശിന് അടിത്തറ നല്‍കിയെങ്കിലു പിന്നീട് വന്ന മധ്യനിര ബാറ്റ്സ്മാന്‍മാര്‍ വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ പരാജയമായതോടെയാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ 264-ല്‍ ഒതുങ്ങിയത്.
31 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റില്‍ തമീം മുഷ്ഫുഖിറും ചേര്‍ന്ന് 150 റണ്‍സ് കടത്തുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ഇരുവരും മൂന്നാം വിക്കറ്റില്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 82 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സുമടക്കം തമീം ഇഖ്ബാല്‍ 70 റണ്‍സടിച്ചപ്പോള്‍ മുഷ്ഫിഖുര്‍ 85 പന്തില്‍ നിന്ന് 61 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ മൂന്നാം അര്‍ധസെഞ്ചുറിയാണ് തമീം പിന്നിട്ടത്. സൗമ്യ സര്‍ക്കാര്‍ (0), സാബിര്‍ റഹ്മാന്‍ (19), തമീം ഇഖ്ബാല്‍ (70), മുഷ്ഫിഖുര്‍ റഹീം (61), ഷക്കീബുല്‍ ഹസ്സന്‍ (15), മഹ്മൂദുള്ള (21), മൊസെദ്ദെക്ക് ഹുസൈന്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. തുടക്കത്തില്‍ ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയതെങ്കില്‍ പിന്നീട് കേദര്‍ ജാദവും രവീന്ദ്ര ജഡേജയും ബുംറയും ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഭുവനേശ്വര്‍, ജാദവ്, ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജഡേജ ഒരു വിക്കറ്റ് നേടി.
ഭുവനേശ്വര്‍ തന്റെ ആദ്യ ഓവറില്‍ തന്നെ സൗമ്യ സര്‍ക്കാറിനെയും നാലാം ഓവറില്‍ സാബിര്‍ റഹ്മാനെയും മടക്കി അയച്ചു. 21 പന്തില്‍ 19 റണ്‍സെടുത്ത് നില്‍ക്കെയാണ് സാബിറിനെ ഭുവനേശ്വര്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജയാണ് ക്യാച്ചെടുത്തത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ഭുവനേശ്വര്‍ ബംഗ്ലാ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിന്റെ കുറ്റിയെടുക്കുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനെ ആണ് ഇന്ത്യ നേരിടുന്നത്.