മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് മാണിയെ ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

mani

കോട്ടയം: മുഖ്യമന്ത്രിയാകാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. അത് നിരസിച്ചതിനുള്ള സമ്മാനം ആയിരുന്നു ബാര്‍കോഴക്കേസ് വിവാദമെന്നും ലേഖനത്തില്‍ പറയുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാണിയെ വീഴ്ത്തണമായിരുന്നു. എന്നാല്‍ പ്രലോഭനമുണ്ടായിട്ടും യുഡിഎഫിനെ തകര്‍ക്കാന്‍ മാണി തയ്യാറായില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ജി. സുധാകരന്‍ അടുത്തിടെ കെ.എം. മാണിയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ദുരുദ്ദേശ്യത്തോടുകൂടിയാണെന്നു ശത്രുക്കള്‍ പോലും കരുതുന്നുണ്ടാവില്ല. അതാകട്ടെ മാണിയുടെ രാഷ്ട്രീയ സത്യസന്ധതയ്ക്കു ലഭിച്ച ഉത്തമ സാക്ഷ്യപത്രവുമാണെന്ന് മുഖപ്രസംഗത്തില്‍ കേരള കോണ്‍ഗ്രസ് വിശദമാക്കുന്നു.

മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവും നടത്തിയിട്ടുണ്ട്. മാണിയെ ചില നേതാക്കള്‍ക്കു വീഴ്ത്തണമായിരുന്നു. രാഷ്ട്രീയത്തിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ വീഴ്ത്തിയാല്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിപ്പെടുമെന്നവര്‍ ദിവാസ്വപ്നം കണ്ടു. അങ്ങനെയാണ് ബാര്‍കോഴ കേസ് അവതരിക്കുന്നത്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മരെ വീഴ്ത്താന്‍ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതുപോലെയായിരുന്നു ബിജു രമേശിന്റെ രംഗപ്രവേശമെന്നും മുഖപത്രം പരിഹസിക്കുന്നു.

കാല്‍നൂറ്റാണ്ടു കാലം മന്ത്രിസ്ഥാനം വഹിച്ചിട്ടും യാതൊരാരോപണത്തിനും വിധേയനാകാതെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃകയായി പരിണമിച്ച കെ.എം. മാണിയുടെ നെഞ്ചില്‍ ഇത്ര നിര്‍ദ്ദയമായി കഠാരയിറക്കിയ രാഷ്ട്രീയ ബ്രൂട്ടസുമാര്‍ക്കു കാലം മാപ്പു നല്‍കില്ല എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Top