കൊച്ചി: സ്വാശ്രയ കോളേജുകള്‍ അടച്ചിട്ട് നടത്തുന്ന സമരത്തിനെതിരെ സംസ്ഥാനത്ത് ഇടത് വിദ്യാര്‍ഥി, യുവജന സംഘടനകളുടെ പ്രതിഷേധം. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കോളേജുകള്‍ അടച്ചിട്ടത്.
സെല്‍ഫ് ഫിനാന്‍സ് കോളേജ് അസോസിയേഷന്‍ ഓഫീസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തി. എറണാകുളത്തെ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ടൗണ്‍ ഹാളിന് മുന്നില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ കോലം കത്തിച്ചു.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെയും വിദ്യാര്‍ത്ഥികളെയും വെല്ലുവിളിച്ചുകൊണ്ട് സ്വാശ്രയ മാനെജ്‌മെന്റ് അസോസിയേഷന്റെ തീരുമാനപ്രകാരം കോളെജുകള്‍ അടച്ചിട്ടാണ് സമരം നടക്കുന്നത്. മെഡിക്കല്‍ കോളെജുകളും എന്‍ജിനീയറിങ് കോളെജുകളും അടച്ചിട്ടാണ് മാനെജ്‌മെന്റുകള്‍ കൃഷ്ണദാസിനൊപ്പം നില്‍ക്കുന്നത്.
അതിനിടെ നെഹ്‌റു കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി തള്ളി.
കേസിലെ മറ്റു പ്രതികളായ വത്സകുമാര്‍, ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കും ജാമ്യം നല്‍കിയില്ല. ആറാം പ്രതി സുകുമാരനു മാത്രമാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്.
ലക്കിടി കോളെജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസ് അടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.തന്നെ മര്‍ദിച്ചെന്ന് കാട്ടിയായിരുന്നു ലക്കിടിയിലെ നെഹ്രു അക്കാദമിക് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഹീറിന്റെ പരാതി. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ കൃഷ്ണദാസിന്റെ നിയമോപദേശകയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.