കോഴിക്കോട്: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു.
പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി ലൈംഗീകച്ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.
സഹായത്തിന് സമീപിക്കുന്നവരോട് നല്ല രീതിയിലാണ് സംസാരിക്കാറുള്ളത്. തന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഏതൊരു അന്വേഷണത്തെ നേരിടാനും തയ്യാറാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അണികളോടുള്ള വിശ്വാസ്യത നിലനിര്‍ത്തേണ്ടതുണ്ട്. ധാര്‍മ്മികതക്ക് നിരക്കാത്തത് ചെയ്തില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
പരാതിക്കാരിയായ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്നതായ ഓഡിയോ ക്ലിപ്പ് മംഗളം ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് പുറത്ത് വിട്ട ഓഡിയോ സംഭാഷണങ്ങളില്‍ ഉള്ളത്.
പാര്‍ട്ടിക്കും മുന്നണിക്കും ദോഷം വരുന്ന നിലപാട് എടുക്കില്ലെന്നും ന്യായീകരിച്ച് മന്ത്രിസഭയില്‍ തുടരില്ലെന്നും മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണം ഗൗരവതരമെന്നും ആരോപണത്തിന്റെ എല്ലാ വശവും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗവുമാണ് എ.കെ. ശശീന്ദ്രന്‍.
നിലവില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു.
2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. പിണറായി വിജയന്റെ പിന്തുണയോടെയാണ് ശശീന്ദ്രന്‍ എന്‍സിപിയില്‍ നിന്ന് മന്ത്രിയാകുന്നത്.