കൊച്ചി: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദമന്ത്രി രാജ്‌നാഥ് സിംഗ്. പ്രശ്‌നം വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ മൂന്നാറിലുണ്ടാവുമെന്ന് രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവന്ന് കാണിച്ചാണ് ബിജെപി നേതാക്കള്‍ കേന്ദ്രത്തിന് കത്തു നല്‍കിയിരിക്കുന്നത്.
കഴിഞ്ഞദിവസം കുമ്മനത്തിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് കത്ത് നല്‍കിയത്. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ളതിനാലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് തന്നെ ഇവര്‍ നിവേദനം നല്‍കിയത്. ദേവികുളം എംഎല്‍എയും ഇടുക്കി എംപിയും വരെ ഭൂമി കയ്യേറുന്നുവെന്നും ഇതിന് സര്‍ക്കാരാണ് ഒത്താശ ചെയ്യുന്നതെന്നും നിവേദനത്തിലുണ്ട്. ദുരന്തനിവാരണ സേനയുടെ ഇടപെടലാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.