തിരുവനന്തപുരം: സംസ്ഥാന പൊലീസിന് വീഴ്ചകളുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. എല്‍ഡിഎഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് വീഴ്ചകള്‍ക്ക് കാരണം. യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവര്‍ കൊണ്ടാണിതെന്നും പൊലീസിന്റെ വീഴ്ചകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണം ഉണ്ടാകില്ല. പൊലീസില്‍ മൂന്നാം മുറ അനുവദിക്കില്ല. അതിപ്രധാനമായ കുറ്റങ്ങള്‍ക്ക് മാത്രമേ ഇനിമുതല്‍ യുഎപിഎ ചുമത്തുകയുള്ളൂവെന്നും രാഷ്ട്രീയ കേസുകളില്‍ കാപ്പ ചുമത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളോട് പൊലീസുകാര്‍ മോശമായി പെരുമാറരുതെന്നും നിര്‍ദേശിച്ചു.
രമണ്‍ ശ്രീവാസ്തവയുടെ നിയമനം എന്തോ വലിയ കുഴപ്പമായി പറയുന്നു. ഡിജിപിയായിരുന്ന ഒരാള്‍ക്ക് ഉപദേശകനായിക്കൂടേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടുത്തി പൊലീസ് ഡാറ്റാ ബാങ്ക് എത്രയും വേഗത്തില്‍ തയാറാക്കും. പരാതിയുമായെത്തുന്ന സാധാരണക്കാരെ സഹായിക്കാന്‍ പ്രത്യേകം പൊലീസുകാരെയും കാണാതാകുന്ന യുവാക്കളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.