ന്യൂഡല്‍ഹി: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നിരാഹാര സമരത്തെ തുടര്‍ന്ന് ഇപ്പോഴുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോയെന്ന് സുപ്രീം കോടതി.
മഹിജ അഞ്ചു ദിവസം നിരാഹാര സമരത്തിലായിരുന്നുവല്ലോയെന്നും കോടതി ചോദിച്ചു.
കൂടാതെ ഡിജിപി നിയമനത്തില്‍ നടപടിക്രമം പറഞ്ഞാല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും മാറ്റേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സെന്‍കുമാറില്‍ പൊതുജനത്തിന് അതൃപ്തിയുണ്ടോയെന്നും പൊതുജനത്തിന്റെ അതൃപ്തി രേഖകളിലുണ്ടോയെന്നും സുപ്രീം കോടതി ആരാഞ്ഞു. നടപടിക്രമം പാലിച്ചല്ല സെന്‍കുമാറിന്റെ നിയമനമെന്ന വാദത്തിലാണ് വിമര്‍ശനം.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ സെന്‍കുമാറിനെ മാറ്റിയതില്‍ തെറ്റെന്തെന്ന് സുപ്രീം കോടതി ചോദിച്ചു. പൊലീസിന് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ വാദത്തിലായിരുന്നു ചോദ്യം.
എന്നാല്‍ വെടിക്കെട്ട് അപകടത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് സെന്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. ദുരന്തത്തില്‍ ആര്‍ക്കെങ്കിലും ഉത്തരവാദിത്വമുണ്ടോയെന്ന് കോടതി ചോദിച്ചു.
ടിപി സെന്‍കുമാറിന്റെ അപ്പീല്‍ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്നും കോടതി ചോദിച്ചു.
ഡിജിപി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ നാളെയും വാദം തുടരും.