സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം

ഡല്‍ഹി: സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. സീതാറാം യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നും ഘടകം ആവശ്യപ്പെട്ടു.

ഇതിനായി രണ്ട് ടേം എന്ന നിബന്ധന മാറ്റണമെന്നും നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് സിപിഎം ബംഗാള്‍ ഘടകം പിബിക്ക് കത്ത് നല്‍കി. കത്ത് പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും.

സിപിഎമ്മിന്റെ നയമനുസരിച്ച്‌ രണ്ട് ടേമില്‍ കൂടുതല്‍ ഒരാളെ രാജ്യസഭയിലേക്ക് അയക്കാറില്ല. എന്നാല്‍ യെച്ചൂരിയുടെ കാര്യത്തില്‍ രണ്ട് ടേം എന്ന നിബന്ധനയില്‍ ഇളവ് നല്‍കണമെന്നാണ് ബംഗാള്‍ ഘടകം ആവശ്യപ്പെടുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ യെച്ചൂരി താത്പര്യപ്പെടുന്നെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസും നിലപാട് അറിയിച്ചിരുന്നു. ബംഗാളിലെ കക്ഷിനില വച്ച്‌ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഒരാളെ രാജ്യസഭയിലേക്ക് ജയിപ്പിക്കാനുള്ള അംഗബലം ഇടതുപക്ഷത്തിനില്ല.

പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത് ശരിയല്ല എന്ന നിലപാടിലാണ്. ഇക്കാര്യം നേരത്തെ ചര്‍ച്ചയായപ്പോള്‍ തന്നെ രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് നല്‍കേണ്ടന്നും അവര്‍ വ്യക്തമാക്കി. അതോടെ താന്‍ മത്സരിക്കാനില്ല എന്ന് യെച്ചൂരിയും പ്രഖ്യാപിച്ചിരുന്നു.

Top