ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്.
കേന്ദ്ര സര്‍ക്കാരിന് പുറമെ രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ ആറ് സംസ്ഥാനങ്ങള്‍ക്കുമാണ് കോടതി നോട്ടീസ് നല്‍കിയത്.
മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷെഹ്‌സദ് പൂനവല്ല സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.
ഗോസംരക്ഷകര്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ അക്രമം അഴിച്ചുവിടുകയാണ്. സിമിയെ നിരോധിച്ചതുപോലെ ഇത്തരം സംഘടനകളെയും നിരോധിക്കാന്‍ നടപടികളെടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇത്തരം സംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഇത്തരം അക്രമികള്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ ലഭിക്കാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
സമീപകാലത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.